budget
പെരുമ്പാവൂർ നഗരസഭാ ബഡ്ജറ്റ് വൈസ് ചെയർപെഴ്‌സൺ ഷീബ ബേബി അവതരിപ്പിക്കുന്നു

പെരുമ്പാവൂർ: അടിസ്ഥാനസൗകര്യങ്ങൾക്ക് ഊന്നൽ നൽകി നഗരസഭയിലെ പുതിയ ഭരണസമിതിയുടെ കന്നിബജറ്റ് വൈസ് ചെയർപെഴ്‌സൺ ഷീബ ബേബി അവതരിപ്പിച്ചു. നഗരത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ടുള ഒരു ബജറ്റിൽ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂന്നര കോടി ബജറ്റി വകയിരുത്തിയിട്ടുണ്ട്. പുതിയ റോഡുകളുടെ നിർമ്മാണത്തിനായി 50 ലക്ഷവും പട്ടികജാതി വികസനത്തിനായി 88 ലക്ഷവും മാലിന്യസംസ്‌ക്കരണത്തിനായി 75 ലക്ഷവും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഇതോടെ പെരുമ്പാവൂർ മേഖലയിലെ റോഡ് വികസനവും മാലിന്യസംസ്കരണവും സുഗമമാകും. ഭവനനിർമ്മാണ പദ്ധതിക്കായി 65 ലക്ഷം, കുളങ്ങളുടെയും തോടുകളുടെയും നവീകരണത്തിനായി പത്ത് ലക്ഷം, വയോജനക്ഷേമത്തിനായി പത്ത് ലക്ഷം, കാർഷിക മൃഗസംരക്ഷണത്തനായി 34 ലക്ഷവും ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. സുസ്ഥിര വികസനം ലക്ഷ്യമാക്കി വിഷൻ 2025 മുന്നിൽ കണ്ടാണ് പദ്ധതികൾ ആവിഷ്‌ക്കരിക്കുക. ശിശുവനിതാവയോജന ക്ഷേമം, കുടിവെളളം, ദുരന്ത നിവാരണം എന്നിവ ലക്ഷ്യമാക്കിയുളള പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ വൈസ് ചെയർമാൻ അറിയിച്ചു.

ചർച്ചയിൽ പ്രതിപക്ഷ വോക്കൗട്ട്

എൽ.ഡി.എഫ് വോക്കൗട്ടിനിടെ പെരുമ്പാവൂർ നഗരസഭ ബഡ്ജറ്റ് പാസാക്കി.പ്രതീക്ഷക്കൊത്തുയർന്ന ബഡ്ജറ്റല്ലായെന്നാരോപിച്ചാണ് എൽ.ഡി.എഫ് അംഗങ്ങളായ 8 പേരും കൗൺസിലിൽ നിന്നും വോക്കൗട്ട് നടത്തിയത്. ബഡ്ജറ്റിനെ പരോക്ഷമായി എതിർത്തെങ്കിലും ബി.ജെ.പി.അംഗങ്ങൾ വോക്കൗട്ടിൽ പങ്കെടുത്തില്ല. ബഡ്ജറ്റിനെ അനുകൂലിച്ച് യു.ഡി.എഫ് അംഗങ്ങളായ പോൾ പാത്തിക്കൽ, ബിജു ജോൺ ജേക്കബ് , സി. കെ. രാമകൃഷ്ണൻ, കെ.സി.അരുൺകുമാർ, എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് അംഗങ്ങളായ സി.ഒ.വൈ റെജി, സി.കെ.രു പേഷ് കുമാർ, സതി ജയകൃഷ്ണൻ, പി.എസ്.അഭിലാഷ്, ലിസ ഐസക്ക് എന്നിവരും ബി.ജെ.പിയിൽ നിന്ന് ടി.ജവഹർ ,ശാന്ത പ്രഭാകരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.