
തൃക്കാക്കര: പാറമടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയായ ഇടുക്കി കീരിത്തോട് കുരിശുംമൂട്ടിൽ ജെസീന തോമസിന്റെ (45) സംസ്കാരം ഇന്നലെ വൈകിട്ട് തൃക്കാക്കര വിജോ ഭവൻ സെമിത്തേരിയിൽ നടത്തി.ഡി.സി.പി ഐശ്വര്യ ഡോങ്റെ,തൃക്കാക്കര അസി.കമ്മീഷണർ ശ്രീകുമാർ, സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണർ ശിവൻകുട്ടി എന്നിവർ പാറമടയും മഠവും പരിശോധിച്ചു. കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ പരാതിയുന്നയിച്ചിട്ടുണ്ട്. 2018 ലാണ് ജെസീന കോൺവെന്റിലെത്തിയത്. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ 12 കന്യാസ്ത്രീകളാണ് ഇവിടെ താമസക്കാർ. മകൾക്ക് ഒരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് സിസ്റ്റർ ജെസീന തോമസിന്റെ പിതാവ് തോമസ് പറഞ്ഞു. മുമ്പ് വയറ്റിലുണ്ടായിരുന്ന മുഴ നീക്കം ചെയ്യാനാണ് ചികിത്സ തേടിയത്. പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്നുകഴിച്ചിരുന്നു. ദിവസവും വിളിക്കാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് അവസാനമായി വിളിച്ചത്.
ആത്മഹത്യയെന്ന് പൊലീസ് നിഗമനം
സിസ്റ്റർ ജെസീന തോമസിന്റെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ശരീരത്തിൽ മുറിവുകളോ,ചതവുകളോ ഇല്ല. രാവിലെ 8.30 ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം കാണാതായെന്നാണ് അന്തേവാസികളുടെ മൊഴി. കളമശേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്മാരാണ് പോസ്റ്റുമോർട്ടം നടത്തിയത്.