shashi-tharoor

കൊച്ചി: പ്രതീക്ഷകളും ആശങ്കകളും പങ്കുവച്ച് ശശിതരൂരിന് മുമ്പിൽ കൊച്ചിക്കാരുടെ വികസനമുറവിളി. നിയമസഭ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് പ്രകടനപത്രികയ്ക്ക് ആവശ്യമായ ചേരുവകൾ തേടിയാണ് ശശിതരൂർ എം.പി. കൊച്ചിയിലെത്തിയത്. അഴുക്കുചാൽ നിർമാർജനം, മാലിന്യസംസ്കരണം, ടൂറിസം വികസനം, ജലഗതാഗതം, ബാങ്കിംഗ് രംഗത്തെ പരിഷ്കരണം, ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രതീക്ഷകൾ, നവ- യുവ സംരംഭകരുടെ പ്രത്യാശകൾ, പച്ചക്കറികൃഷി, ഭൂനിയമഭേദഗതി, പ്ലാന്റേഷൻ നിയമങ്ങളുടെ ഭേദഗതി, വിദ്യാർത്ഥി രാഷ്ട്രീയം, ചെല്ലാനത്തെ കടൽക്ഷോഭം മുതൽ ജനങ്ങൾ ആഗ്രഹിക്കുന്ന വികസനപദ്ധതികളെല്ലാം യു.ഡി.എഫ് സമിതിക്ക് മുമ്പിൽ സമർപ്പിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം വിനോദസഞ്ചാരമേഖലയിൽ ഏൽപ്പിച്ച പ്രഹരത്തെക്കുറിച്ച് സംരംഭകന്റെ അഭിപ്രായത്തോട് യോജിച്ച തരൂർ വീണ്ടും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അത്തരം തീരുമാനങ്ങളുണ്ടാകില്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ചെറുകിട വ്യവസായം, കൃഷി- അനുബന്ധവ്യവസായം, സ്ത്രീശാക്തികരണം, ഉന്നതവിദ്യാഭ്യാസം തുടങ്ങിയ ചില മേഖലകളിൽ നൂതനങ്ങളായ കുറെ ആശയങ്ങളും സമിതിക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടു.

വൈകിട്ട് 5.30ന് രാജേന്ദ്രമൈതാനത്ത് ആരംഭിച്ച പരിപാടി മണിക്കൂറുകളോളം നീണ്ടു. മുഖ്യമന്ത്രിയുടെ കാമ്പസ് കൂടിക്കാഴ്ചയിൽ അവസരം നിഷേധിക്കപ്പെട്ട വിദ്യാർത്ഥിനിയും യു.ഡി.എഫ് ചടങ്ങിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചു. കേരളത്തിൽ ഒരു നിയമസർവകലാശാല ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു വിദ്യാർത്ഥിനിക്ക് പറയാനുള്ളത്. എട്ടാം സെമസ്റ്ററിന് പഠിക്കുന്ന വിദ്യാർത്ഥികൾ അഞ്ചാം സെമസ്റ്ററിലെ പരീക്ഷവരെ എഴുതിയെങ്കിലും മൂന്നാം സെമസ്റ്ററിലെ പരീക്ഷാഫലം മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്ന് വിദ്യാർത്ഥിനി സാക്ഷ്യപ്പെടുത്തി. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ കാര്യം ഗൗരവമായി പരിഗണിക്കുമെന്നും ശരി തരൂർ ഉറപ്പുനൽകി.

യു.ഡി.എഫ് പ്രകടനപത്രിക സമിതി ചെയർമാൻ കൂടിയായ ബെന്നി ബഹനാൻ എം.പി. അദ്ധ്യക്ഷത വഹിച്ചു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യു.ഡി.എഫിന്റെ പ്രകടനപത്രിക ജനകീയവും വിശാലവും ആധികാരികവും പ്രായോഗികവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈബി ഈ‌ഡൻ എം.പി., പ്രകടനപത്രിക സമിതി കൺവീനർ സി.പി. ജോൺ, കേരളകോൺഗ്രസ് പ്രതിനിധി കെ. ഫ്രാൻസിസ് ജോർജ്, ഡൊമിനിക് പ്രസന്റേഷൻ, എം.എൽ.എ മാരായ പി.ടി.തോമസ്, ടി.ജെ. വിനോദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. രാവിലെ എറണാകുളം സെന്റ് തെരേസാസ് കോളേജ് വിദ്യാർത്ഥികളുമായും, നവസംരംഭകരുടെ പ്രതിനിധികളുമായും ശശിതരൂർ ആശയവിനിമയം നടത്തിയിരുന്നു.