murikkal
മുറിക്കൽ ബൈപാസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബൈപാസ് നിർമ്മാണത്തിന് 64കോടി രൂപയുടെ കിഫ്ബി അംഗീകാരം ലഭിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ഇന്നലെ ചേർന്ന കിഫ്ബി എക്‌സിക്യൂട്ടീവും കിഫ്ബി ബോർഡ് യോഗവുമാണ് മൂവാറ്റുപുഴ ബൈപാസിന്റെ നിർമ്മാണത്തിനായി 64കോടി രൂപയ്ക്ക് അംഗീകാരം നൽകിയത്. മൂവാറ്റുപുഴ ബൈപാസ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനും പൊളിച്ച് മാറ്റുന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുമായി 35കോടി രൂപയും, റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 29കോടി രൂപയും അടക്കം 64കോടി രൂപയ്ക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. ബൈപാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കിഫ്ബി പ്രവർത്തികളുടെ സ്‌പെഷ്യൽ പർപ്പസ് വെഹ്ക്കിളായ കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് നടപ്പിലാക്കുന്നത്. മൂവാറ്റുപുഴ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയാറിന് കുറുകെ മുറിക്കല്ലിൽ പാലത്തിന്റെ നിർമ്മാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലേയ്ക്കുമുള്ള റോഡിന്റെ നിർമാണമാണ് ഇനി പൂർത്തിയാക്കാനുള്ളത്. അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്. പാലത്തിന്റെ ഒരു വശത്ത് വെള്ളൂർകുന്നം വില്ലേജിന്റെ പരിധിയിൽ വരുന്ന 400 മീറ്റർ സ്ഥലമെടുപ്പ് പൂർത്തിയായി. വെള്ളൂർകുന്നം വില്ലേജിന് കീഴിൽ ഒരാളുടെ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. പാലത്തിന്റെ മറുവശം മാറാടി വില്ലേജിന്റെ അധീനതയിലാണ്. 130 കവല മുതൽ പാലം വരെയുള്ള പ്രദേശത്തെ 1.6 കിലോമീറ്റർ ദൂരമാണുള്ളത്. 12വർഷം മുമ്പ് സ്ഥലമളന്ന് തിട്ടപ്പെടുത്തി സ്ഥാപിച്ച സർവ്വേ കല്ലുകളിൽ പലതും അപ്രതിക്ഷമായി. ഈ സ്ഥലങ്ങളെല്ലാം പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി അപ്രതിക്ഷമായ സർവ്വേ കല്ലുകൾ പുനസ്ഥാപിച്ചു. 1.26 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. മൂവാറ്റുപുഴ ബൈപാസ് നിർമ്മാണത്തിനായി ഭൂമി പരിവർത്തനം ചെയ്യുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ കടാതിയിൽ നിന്നു ആരംഭിച്ച് എം.സി റോഡിൽ 130 ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് പദ്ധതി.