
കൊച്ചി: ബോധവത്കരണവും മുന്നറിയിപ്പുകളും വെള്ളത്തിൽവരച്ച വരയായപ്പോൾ, ക്ഷമകെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് രണ്ടും കല്പിച്ച് രംഗത്ത് ഇറങ്ങുകയാണ്. പുഴ മുതൽ തോട് വരെയുള്ള ശൃംഖലയെ മാലിന്യത്തിൽനിന്ന് സംരക്ഷിക്കുകയാണ് അടിസ്ഥാനലക്ഷ്യം. ജില്ല മുഴുവനായും പരിശോധനയിൽ ഉൾപ്പെടും. ആദ്യ ഘട്ടത്തിൽ കൊച്ചി നഗരവും സമീപ ഗ്രാമങ്ങളെയുമാണ് പരിഗണിക്കുന്നത്.
സാമ്പിൾ ശേഖരണം ഉടൻ
നഗരത്തിലെ കനാലുകളിലെയടക്കം മലിനീകരണ തോത് കണ്ടെത്താൻ സാമ്പിൾ ശേഖരിക്കും. ഇതിനായി കൊച്ചി കോർപ്പറേഷനെ ചുമതലപ്പെടുത്തിയേക്കും. അല്ലെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) നേരിട്ടിറങ്ങും. ഒരാഴ്ച സമയമാണ് ഇതിനായി നിജപ്പെടുത്തിയിരിക്കുന്നത്. പരിശോധനാഫലം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. അതേസമയം കൊച്ചിയിലെ കനാലുകളെല്ലാം മലിനമായാണ് ഒഴുകുന്നത്. ഇടപ്പള്ളി കനാൽ (11.15 കിലോമീറ്റർ), ചിലവന്നൂർ കനാൽ (11.023 കിലോമീറ്റർ), തേവര–പേരണ്ടൂർ കനാൽ (9.84 കിലോമീറ്റർ), തേവര കനാൽ (1.41 കിലോമീറ്റർ), എറണാകുളം മാർക്കറ്റ് കനാൽ (0.66 കിലോമീറ്റർ), കോന്തുരുത്തി കനാൽ (0.67 കിലോമീറ്റർ) എന്നിവയാണ് കൊച്ചിയെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന കനാലുകൾ. ഇവയുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 1400 കോടി രൂപയോളമാണ് ഇതിനായി നീക്കി വച്ചിട്ടുള്ളത്. എന്നിരുന്നാലും മലിനീകരണ തോത് പരിശോധിക്കാൻ തന്നെയാണ് പി.സി.ബിയുടെ തീരുമാനം.
കൊച്ചിയുടെ ജലറാണികൾ
ഇടപ്പള്ളി കനാൽ (11.15 കിലോമീറ്റർ)
ചിലവന്നൂർ കനാൽ (11.023 കിലോമീറ്റർ)
തേവര–പേരണ്ടൂർ കനാൽ (9.84 കിലോമീറ്റർ)
എറണാകുളം മാർക്കറ്റ് കനാൽ (0.66 കിലോമീറ്റർ)
കോന്തുരുത്തി കനാൽ (0.67 കിലോമീറ്റർ)
തോടും ഉൾപ്പെട്ടു
മലിനീകരണം സംബന്ധിച്ച പഠനങ്ങളിൽ പൊതുവേ തോടുകളെ പരിഗണിക്കുന്നത് കുറവാണ്. പുഴകളും കായലും മലിനപ്പെടുന്നതിൽ നല്ലൊരു പങ്ക് തോടുകൾ വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തോടുകളെകൂടി സാമ്പിൾ ശേഖരണത്തിന്റെ ഭാഗമാക്കാൻ പി.ബി.സി തയ്യാറായത്. തോടുകളിലെ പരിശോധനാ ഫലം വിശദമായി പഠിച്ച് കർശനനിർദേശങ്ങൾ പുറപ്പെടുവിക്കാനും സാദ്ധ്യതയുണ്ട്. തോടുകളിലെ സാമ്പിൾ ശേഖരണം അതാത് പഞ്ചായത്തുകൾക്ക് നൽകാനാണ് പി.സി.ബി തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഉടൻ നിർദേശം നൽകും.
ജലമലിനീകരണം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും. ഇത് സമഗ്രമായി വിലയിരുത്തി തുടർ നടപടി കൈകൊള്ളും.
എം.എ ബൈജു
ചീഫ് എൻജിനീയർ
പി.സി.ബി
മലിനീകരണ നിയന്ത്രണ ബോർഡിന്റെ തീരുമാനം സ്വാഹതാർഹമാണ്. പരിശോധനയിൽ മാത്രം ഒതുക്കരുത്. തോടുകളുടെയടക്കം മലിനീകരണ തോത് ജനങ്ങളെ ധരിപ്പിക്കണം. ജനങ്ങൾ കൂടി മുന്നിട്ടിറങ്ങിയാലേ ജലമലിനീകരണമടക്കം ഇല്ലാതാക്കാൻ സാധിക്കു.
ഡോ. സി.എം. ജോയി
പരിസ്ഥിതി പ്രവർത്തകൻ