jeseena

കൊച്ചി: വാഴക്കാലയിലെ കന്യാസ്ത്രീയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി തൃക്കാക്കര പൊലീസ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് മഠത്തിലെ അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തും. ഉച്ചയോടെ മൊഴിയെടുക്കാനാണ് നീക്കം. ഇതിന് ശേഷം ബന്ധുക്കളിൽ നിന്നും വിവരങ്ങൾ തേടും. മഠം അധികൃതർ നൽകിയ പ്രാഥമിക മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. ഞായറാഴ്ച 11ഓടെ സിസ്റ്റർ ജെസീനയെ കാണാനില്ലെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇത് പിന്നീട് തിരുത്തി 10മണിയോടെ എന്നാക്കി. സിസ്റ്റർ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായി മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങളടക്കം വിശദമായ മൊഴിയെടുപ്പായിരിക്കും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക.

അതേസമയം, സിസ്റ്ററിന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചിട്ടുള്ളതെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു. വാഴക്കാല മൂലേപ്പാടം റോഡിലെ സെന്റ് തോമസ് കോൺവെന്റിലെ കന്യാസ്ത്രീയായ ഇടുക്കി കീരിത്തോട് കുരിശുംമൂട്ടിൽ തോമസിന്റെ മകൾ ജെസീനയെയാണ് (44) കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത പൊലീസ് ശാസ്ത്രീയ അന്വേഷണമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ സ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. പാറമടയിലെ ജലവും ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം ഇന്നലെ വൈകിട്ടോടെ തന്നെ പരിശോനയ്ക്കായി കൈമാറി. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പും പരിശോധനയും. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. വിശദമായ റിപ്പോർട്ടിനായി കാക്കുകയാണ്. മരണത്തിൽ മറ്റ് സാദ്ധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല.