
കൊച്ചി സംസ്ഥാനത്തെ ലഹരി കടത്തിന്റെ ഹബ്ബായി മട്ടാഞ്ചേരി മാറിയെന്ന ഹൈക്കോടതി പരാമർശത്തിന് പിന്നാലെ കടത്തുകാരെയും ഇടനിലക്കാരെയും ഒതുക്കാൻ എക്സൈസും പൊലീസും ഒന്നിക്കുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും സംയുക്ത പരിശോധന വ്യാപിപ്പിക്കാനും മിന്നൽ ഓപ്പറേഷനുകൾ നടത്താനുമാണ് തീരുമാനം. ജില്ലയിലെ എക്സൈസ് മേധാവി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തിക്കഴിഞ്ഞു.
സ്ക്വാഡ് ഉഷാറാക്കും
കൊവിഡിനെ തുടർന്ന് മുടങ്ങിപ്പോയ സ്കൂളുകളിലേയും കോളേജുകളിലേയും ലഹരിവിരുദ്ധ സ്ക്വാഡുകൾ വീണ്ടും സജീവമാക്കും. എക്സൈസ് ഉദ്യോഗസ്ഥർ ഇതിനായുള്ള നടപടികൾ ആരംഭിച്ചു. നേരത്തെ ലഹരി വിരുദ്ധ സ്ക്വാഡുകളുടെ പ്രവർത്തനത്തിലൂടെ കാമ്പസുകളും സ്കൂളുകളും കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാട് ഒരുപരിധി വരെ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ഇത് വീണ്ടെടുക്കുകയാണ് ലക്ഷ്യം.
പരിശോധന തുടങ്ങി
സ്കൂൾ, കോളേജ് എന്നിവയോട് ചേർന്ന് പ്രവർത്തിക്കുന്ന കടളിൽ കേന്ദ്രീകരിച്ചുള്ള പരിശോധന ആരംഭിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ മേൽനോട്ടത്തിലാണ് പരിശോധന. പ്രത്യേക ടീമാണ് പരിശോധന നടത്തുന്നത്. ഇത് ഇന്നും തുടരും. മുൻ വർഷങ്ങളിൽ പതിവായി നടത്തിയിരുന്ന പരിശോധന ഏറെ നാളായി മുടങ്ങിക്കിടക്കുകയായിരുന്നു. നേരത്തെ പെട്ടിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനകളിൽ നിരോധിത പുകയിലയും പുകയില ഉത്പന്നങ്ങളുടെയും പിടിച്ചെടുത്തിരുന്നു. ഇത്തരം കടകളിൽ രഹസ്യനിരീക്ഷണവും നടത്തും.
രക്ഷിതാക്കൾക്ക് സ്പെഷ്യൽ ക്ലാസ്
ലഹരി ഉത്പന്നങ്ങളുടെ ഒഴുക്കിന് തടയിടാൻ കർശനമായ നടപടിയിലേയ്ക്ക് നീങ്ങുന്നതിനൊപ്പം രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് എക്സൈസ്. കുട്ടികളെ ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെടുത്താനും ഇതോടൊപ്പം ലഹരി സംഘങ്ങളെ കുടുക്കാനും ബോധവത്കണ ക്ലാസുകളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാതാപിതാക്കളിൽ നിന്നും ലഭിച്ചിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയിട്ടുള്ള അന്വേഷണങ്ങൾ വൻ ലഹരി വേട്ടയിലേക്ക് എക്സൈസിനെ എത്തിച്ചിട്ടുണ്ട്.
കർശന നിർദേശം
സംയുക്ത പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്കൂൾ, കോളേജ് ലഹരി വിരുദ്ധ സ്ക്വാഡുകളുമായി നേരിട്ട് ആശയവിനിമയം നടത്തും. കൊവിഡിനെ തുടർന്ന് സ്ക്വാഡുകളുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഇത് പഴയ രീതിയിലേക്ക് ഉയർത്തിക്കൊണ്ട് വരും.ലഹരി ഒഴുക്ക് തടയിടാനുള്ള കർശന നിർദേശം ലഭിച്ചിട്ടുണ്ട്.
എ.ടി അശോക് കുമാർ
ഡെപ്യുട്ടി കമ്മിഷണർ
എക്സൈസ്