cusat
ജി ഫിൽട്ടർ നിർമ്മാണത്തിനായുള്ള അനുമതിപത്രം കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ.മധുസൂദനൻ കളിമൺപാത്ര വ്യവസായ കോ -ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി സാബുവിന് കൈമാറുന്നു. രജിസ്ട്രാർ ഡോ.മീര വി , ഡോ.ഉഷ.കെ അരവിന്ദ് എന്നിവർ സമീപം

കളമശേരി: പരിസ്ഥിതി സൗഹാർദ്ദവും ചെലവു കുറഞ്ഞതുമായ കളിമൺ സെറാമിക് വാട്ടർ ഫിൽട്ടറുകൾ (ജി ഫിൽട്ടർ) തദ്ദേശീയമായി വികസിപ്പിക്കുന്നതിന് കുസാറ്റിലെ സ്‌കൂൾ ഒഫ് എൻവയോമെന്റൽ സ്റ്റഡീസ് വകുപ്പ് ഐഐടി ജോധ്പൂരുമായി കൈകോർക്കുന്നു. പരമ്പരാഗത അറിവുകളും ശാസ്ത്രീയ വിവരങ്ങളും ചേർത്തുള്ള ഈ പ്രോജക്ട് കുസാറ്റ് എൻവയോൺമെന്റൽ സ്റ്റഡീസ് പ്രൊഫസർ ഡോ. ഉഷ കെ. അരവിന്ദ്, ഐഐടി ജോധ്പൂരിലെ പ്രൊഫസർ ഡോ. ആനന്ദ് എന്നിവർ ചേർന്നാണ് നടപ്പാക്കുന്നത്. കോട്ടയത്ത് കറ്റച്ചിറയിലെ മൺപാത്ര നിർമ്മാണ തൊഴിലാളികളാണ് ജി ഫിൽട്ടറുകൾ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകുന്നത്.


ജലത്തിലെ ബാക്ടീരിയ, അയോണുകൾ, മറ്റ് ജൈവ മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനായി ഐഐടി ജോധ്പൂരിൽ നിന്നും അച്ചുകൾ ശേഖരിച്ച് കേരളത്തിലെ കുശവ സമൂഹവുമായി ചേർന്നാണ് വാട്ടർ ഫിൽട്ടർ നിർമ്മാണം. കേരളത്തിലെ കുടിൽ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി ഡിഎസ്ടി (വാട്ടർ ടെക്‌നോളജി ഇനീഷ്യേറ്റീവ് പ്രോജക്ട്)യുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേരളത്തിൽ ലഭ്യമായ കളിമണ്ണ് ഉപയോഗിച്ച് ജി ഫിൽട്ടറുകളുടെ നിർമ്മാണം സാധ്യമാക്കും.