മൂവാറ്റുപുഴ: കേരളത്തിലെ പ്രധാന പഴവർഗമായ പൈനാപ്പിളിന്റെ താങ്ങ് വില വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയിൽ പുതുതായി നിർമിച്ച പെറ്റ് ബോട്ടിൽ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈനാപ്പിളിന് സംസ്ഥാന സർക്കാർ 15രൂപയാണ് താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. പൈനാപ്പിൾ ഉല്പാദനരംഗത്തെ ചിലവുകൾ കണക്കാക്കുമ്പോൾ താങ്ങ് വില അപര്യാപതമാണ്. താങ്ങ് വില ഉയർത്തുന്നത് സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തടക്കം വിപണിയിൽ സംസ്ഥാനത്തെ പൈനാപ്പിളിന് പ്രിയമേറികൊണ്ടിരിക്കുകയണന്നും കാലാവസ്ഥ വ്യതിയാനവും കൊവിഡ് മഹാമാരിയും പൈനാപ്പിൾ വിപണിയെ പ്രതിസന്ധിയാക്കിയപ്പോൾ വിപണിയിൽ സർക്കാർ ഇടപെടൽ കർഷകർക്ക് ആശ്വാസമായെന്നും മന്ത്രി കൂട്ടിച്ചേർത്തു. കമ്പനിയിലെ പുതിയ ജ്യൂസ് പ്ലാന്റിന്റെ ഉദ്ഘാടനത്തോടൊപ്പം ജൈവ് ബ്രാൻഡിലുള്ള പാക്കേജ്ഡ് ഡ്രിംങ്കിം വാട്ടറിന്റെയും പതിയ ജ്യൂസ് ഉല്പന്നങ്ങളുടെയും കമ്പനി കാമ്പസിൽ അഞ്ച് ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന പൈനാപ്പിൾ കൃഷിയുടെ നടീൽ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ കമ്പനി ചെയർമാൻ ഇ.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി.മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദ്യവില്പന നടത്തി. മനേജിംഗ് ഡയറക്ടർ ഷിബുകുമാർ.എൽ,പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെൽമി ജോൺസ്, ഓമന മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ജി.രാധാകൃഷ്ണൻ, വാർഡ് മെമ്പർ സെൽബി ജോൺ, എന്നിവർ പങ്കെടുത്തു.