ആലുവ: എറണാകുളം റൂറൽ ജില്ലയിൽ പുതുതായി രൂപീകരിച്ച പൊലീസ് സബ് ഡിവിഷനുകൾ ഇന്ന് (വ്യാഴം) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.

മുനമ്പം, പുത്തൻകുരിശ് എന്നിവയാണ് പുതുതായി രൂപീകരിച്ചിട്ടുള്ള സബ് ഡിവിഷനുകൾ. മുനമ്പം സബ് ഡിവിഷനുകീഴിൽ ഞാറയ്ക്കൽ, മുനമ്പം, നോർത്ത് പറവൂർ, വരാപ്പുഴ, വടക്കേക്കര, പുത്തൻവേലിക്കര എന്നീ പൊലീസ് സ്റ്റേഷനുകളാണുള്ളത്. നേരത്തെ ഇത് ആലുവ ഡിവൈ.എസ്.പിയുടെ പരിധിയിലായിരുന്നു. പുത്തൻകുരിശ് സബ് ഡിവിഷനുകീഴിൽ പിറവം, കൂത്താട്ടുകുളം, മുളന്തുരുത്തി, ചോറ്റാനിക്കര, രാമമംഗലം, പുത്തൻകുരിശ് എന്നീ സ്റ്റേഷനുകളാണുള്ളത്. ഈ സ്റ്റേഷനുകൾ മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ പരിധിയിലായിരുന്നു. ഇതോടെ ആലുവ പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവ ഉൾപ്പെടെ റൂറൽ ജില്ലയിൽ അഞ്ച് സബ് ഡിവിഷനുകളാകും.