കൊച്ചി: പട്ടികജാതി, വർഗ അതിക്രമനിരോധന നിയമപ്രകാരം നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയതായി ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. ആശ്രിതർക്ക് തൊഴിൽ നൽകുന്നതിലും സർക്കാരിന് ഗുരുതരവീഴ്ചയാണ്. ആശ്രിതർക്കുള്ള ധനസഹായം 8.5 ലക്ഷം രൂപയാണ്. ഇതിൽ അമ്പതുശതമാനം കേന്ദ്രസർക്കാരും അമ്പതുശതമാനം സംസ്ഥാന സർക്കാരുമാണ് നൽകേണ്ടത്. എന്നാൽ കേന്ദ്രം നൽകുന്ന 4.25ലക്ഷം രൂപനൽകി സഹായം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.
പട്ടികജാതി,വർഗ വിഭാഗങ്ങളിലുള്ള 14 കുടംബങ്ങൾക്ക് ആശ്രിതനിയമനം നൽകാനുണ്ട്. 14 കുടുംബങ്ങളിലെ ആശ്രിതർക്ക് നഷ്ടപരിഹാരത്തുക നൽകാനുമുണ്ട്. പീഡനത്തിനിരയായ വനിതകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലും വീഴ്ച വരുത്തി. സംസ്ഥാനത്ത് 82 കേസുകളിൽ നഷ്ടപരിഹാരം നൽകുവാനുണ്ട്. ഇടതുസർക്കാർ വന്നതിനുശേഷം പട്ടികജാതി, വർഗ അതിക്രമ നിരോധനനിയമ പ്രകാരം രജിസ്റ്റർചെയ്ത കേസുകളുടെ കണക്കുകൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് ഷാജുമോൻ അവശ്യപ്പെട്ടു.