ആലുവ: വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വില്പന നടത്തുന്ന സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായി. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യനെയാണ് (56) എടത്തല പൊലീസ് തമിഴ്‌നാട്ടിൽനിന്ന് അറസ്റ്റുചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച എടത്തലയിൽനിന്ന് ടിപ്പറും ഗുഡ്‌സ് ആപ്പയും മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലാകുന്നത്. മോഷണം നടത്തിയ വാഹനങ്ങൾ പൊള്ളാച്ചിയിൽനിന്നും കണ്ടെത്തി. കേസിൽ രണ്ട് പ്രതികളെക്കുറിച്ച് കിട്ടാനുണ്ട്. കേരളത്തിൽനിന്ന് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്‌നാട്ടിൽകൊണ്ടുപോയി നമ്പർമാറ്റി രൂപമാറ്റം വരുത്തി വില്പനനടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ടി.എസ്. സിനോജ്, എസ്.ഐ കെ. സിനോദ്, സി.പി.ഒ കെ.എസ്. മുഹമ്മദ് റഫിക്ക് എന്നിവർ ചേർന്നാന്ന് പ്രതിയെ പിടികൂടിയത്. ആലുവ ഭാഗത്തുനിന്ന് വാഹനങ്ങൾ കാണാതായത് സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.