-smart-village-offices
കോട്ടുവള്ളി വില്ലേജ് ഓഫീസിന്റെ ശിലാഫലകം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ: സംസ്ഥാനത്ത് രണ്ടു ലക്ഷം പട്ടയവിതരണം പൂർത്തിയാക്കാൻ കഴിഞ്ഞെന്നും ഇതു സർവകാല റെക്കോർഡാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂത്തകുന്നം, കോട്ടുവള്ളി, കരുമാലൂർ, ഏലൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനവും താലൂക്കിലെ പട്ടയവിതരണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇനിയും പട്ടയം ലഭിക്കാനുള്ളവർക്ക് എത്രയും വേഗം നൽകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. വില്ലേജ് ഓഫീസുകൾ ജനസൗഹാർദപരമാക്കാനുള്ള നടപടിയുടെ ഭാഗമായാണു സ്മാർട്ടാക്കുന്നതെന്നും സംസ്ഥാനത്തു 441 ഓഫീസുകൾ സ്മാർട്ടായി കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മൂത്തകുന്നം, കോട്ടുവള്ളി വില്ലേജുകളുടെ ശിലാഫലകം വി.ഡി.സതീശൻ എം.എൽ.എയും ഏലൂർ, കരുമാലൂർ വില്ലേജുകളുടെ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രനും അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ.പ്രഭാവതി, എ.ഡി. സുജിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ രശ്മി അനിൽകുമാർ, കെ.എസ്. ഷാജി, ശ്രീലത ലാലു, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, തഹസിൽദാർ കെ. രേവ, ഭൂരേഖ തഹസിൽദാർ ജഗി പോൾ എന്നിവർ സംസാരിച്ചു.