 
തൃക്കാക്കര : രാത്രിയാത്രയിൽ വാഹനത്തിന്റെ ഡിം ലൈറ്റ് അടിക്കാതെ തീവ്രപ്രകാശം ഉള്ള ലൈറ്റ് ഉപയോഗിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്. രാത്രിയിലെ അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്. മൊബൈൽ വലിപ്പത്തിലുള്ള ഉപകരണമായ ലക്‌സ് മീറ്ററിന്റെ സഹായത്തോടെയാണ് തീവ്ര പ്രകാശം ഉള്ള വാഹനങ്ങളെ കണ്ടെത്തുക. ലക്‌സ് മീറ്റർ വഴി പിടിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് മോട്ടാർ വാഹന വകുപ്പിന്റെ തീരുമാനം. മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്‌ക്വാഡിനാണ് ലക്സ് നൽകിയിട്ടുളളത്.
നിയമപ്രകാരം 24 വാട്‌സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 7075 വരെ വാട്‌സിൽ കൂട്ടാൻ പാടില്ല. 12 വാട്‌സുള്ള ബൾബുകൾ 60 മുതൽ 65 വരെ വാട്‌സിലും കൂടരുത്. മിക്ക വാഹനങ്ങളിലും 60 വാട്‌സ് വരെ ശേഷിയുള്ള ബൾബുകളാണ് വാഹന നിർമ്മാണ കമ്പനികൾ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്റെ അളവ് കൂടിയാൽ ലക്‌സ് മീറ്റർ പിടികൂടും.ആഡംബര വാഹനങ്ങളിൽ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനായി ബീം റെസ്ട്രിക്ടർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റിയാണ് വണ്ടി ഉപയോഗിക്കുന്നത്.