ആലുവ: ശതാബ്ദിക്ക് ഒരുങ്ങുന്ന ആലുവ നഗരസഭയുടെ ഈ വർഷത്തെ ബഡ്ജറ്റ് വ്യത്യസ്ത നിറഞ്ഞതായിരിക്കുമെന്ന് വൈസ് ചെയർപേഴ്സൺ ജെബി മേത്തർ അറിയിച്ചു.'നമ്മുടെ ആലുവ, നമ്മുടെ ബഡ്ജറ്റ്' എന്ന സന്ദേശമുയർത്തി ബഡ്ജറ്റ് തയ്യാറാക്കുന്നതിനായി കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥികൾ ഇന്ന് മുതൽ മൂന്ന് ദിവസം നഗരത്തിൽ സർവേ നടത്തും. ഇന്ന് 2.30ന് മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ സർവേ ഉദ്ഘടനം ചെയ്യും. തുടർന്ന് 60 പേരടങ്ങുന്ന സംഘം ഒന്ന് മുതൽ 13 വരെ വാർഡുകളിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കി സർവേ നടത്തും. നാളെ 14 മുതൽ 26 വാർഡുകളിലായിരിക്കും സർവേ. 20ന് ആലുവ മെട്രോ സ്റ്റേഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ്, മാർക്കറ്റ്, ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡ്, ബാങ്ക് കവല, പമ്പ് കവല, തോട്ടക്കാട്ടുകര, പറവൂർ കവല എന്നിവിടങ്ങളിൽ സർവ്വേ നടത്തും. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് സർവേ സംഘടിപ്പിച്ചിട്ടുള്ളത്.