കൊച്ചി: നഗരത്തിന്റെ തീരാശാപമായ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി വിശദ ഡ്രെയിനേജ് പദ്ധതി തയ്യാറാക്കുമെന്ന് മേയർ അഡ്വ.എം.അനിൽകുമാർ. ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ വെള്ളക്കെട്ടു നിവാരണത്തിനുള്ള ഫണ്ട് വിനിയോഗിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. കോർപ്പറേഷൻ പരിധിയിലെ ഡ്രെയിനേജ്,കനാൽ നവീകരണപ്രവർത്തനങ്ങൾക്കായി എസ്റ്റീം ഡെവലപ്പേഴ്സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വെള്ളക്കെട്ട് നിർമ്മാർജ്ജന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത അടിയന്തര കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മേയർ.

 ഏജൻസികളുടെ സഹായം തേടും

വെള്ളക്കെട്ടു നിവാരണത്തിനായി പത്തു കോടി രൂപ കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് ( സി.എസ്.എം.എൽ) വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന സർക്കാർ, ജർമ്മൻ, ഫ്രഞ്ച് തുടങ്ങി വിവിധ ഏജൻസികളും സഹായിക്കുമെന്നാണ് പ്രതീക്ഷ. ഓരോ ഡിവിഷനിലെയും വെള്ളക്കെട്ട് പ്രദേശങ്ങളെ കുറിച്ചും പരിഹാര മാർഗങ്ങൾ സംബന്ധിച്ചും കൗൺസിലർമാർ അതാത് അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനിയർമാർക്ക് റിപ്പോർട്ട് നൽകണം. എൻജിനിയർമാർ ഇത് ക്രോഡീകരിച്ച് കോർപ്പറേഷന് കൈമാറണം. ഇതിന്റെ അടിസ്ഥാനത്തിൽ ടൗൺ പ്ളാനിംഗ് ഉദ്യോഗസ്ഥർ സർവേയും പഠനങ്ങളും നടത്തി റിപ്പോർട്ട് മരാമത്ത് സ്ഥിരംസമിതിക്ക് നൽകും. പഠനങ്ങൾക്ക് കുസാറ്റ്, എം.ജി.യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ സഹായവും തേടും. മേയർ പറഞ്ഞു.

 മുല്ലശേരി കനാലിന് പുതിയ മുഖം

സമീപപ്രദേശങ്ങളിൽ വെള്ളം തങ്ങിനിൽക്കാൻ കഴിയുന്ന വിധത്തിൽ മുല്ലശേരി കനാലിനെ പുന:രൂപകല്പന ചെയ്യണമെന്നാണ് എസ്റ്റീം ഡെവലപ്പേഴ്സിന്റെ അഭിപ്രായം. പുതിയ കാലത്തിന് അനുയോജ്യമായ വിധത്തിൽ കനാലിന്റെ തീരപ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടത്തണം. സ്മാർട്ട് സിറ്റിയുടെ സഹായം ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുള്ളതിനാൽ മുല്ലശേരി കനാൽ നവീകരണത്തിന് ഫണ്ട് ഒരു വിഷയമാകില്ലെന്ന കാര്യം കോടതിയെ അറിയിക്കും. വിവിധ ഏജൻസികളുടെ സഹായം ലഭിക്കുമെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞാൽ അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മേയർ പറഞ്ഞു.

 2002 ൽ എസ്റ്റിമേറ്റ് തയ്യാറാക്കിയ എസ്റ്റിം പഠന റിപ്പോർട്ടിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണം. മെട്രോ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളുടെയും രണ്ട് പ്രളയങ്ങളുടെയും അനന്തരഫലമായി നീരൊഴുക്കിൽ മാറ്റം വന്നിട്ടുണ്ട്. ഇക്കാര്യങ്ങളും പരിഗണിക്കണം- ആന്റണി കുരിത്തറ, പ്രതിപക്ഷ നേതാവ്