fastag
fastag

കൊച്ചി: ഫാസ്ടാഗിൽ തട്ടി എറണാകുളത്തും ഗതാഗത കുരുക്ക്. ജില്ലയിലെ രണ്ട് ടോൾ പ്ലാസകളിലും പ്രതിഷേധം അണപൊട്ടി. കുമ്പളം ടോൾ പ്ലാസയിൽ പി.ഡി.പിയുടെയും പൊന്നാരിമംഗലത്ത് സംയുക്ത സമരസമതിയും പ്രതിഷേധിച്ചു. കുമ്പളത്ത് രാവിലെയും വൈകിട്ടും മണിക്കൂറോളമാണ് വാഹനങ്ങൾ കുടുങ്ങിയത്. പൊന്നാരിമംഗലത്ത് ഗതാഗതം സുഗമമായിരുന്നു. അതേസമയം രണ്ടിടത്തും വിവരമറിയാതെ എത്തിയവർക്ക് കടന്നുപോകാൻ ഇരട്ടി തുക നൽകേണ്ടിവന്നു. ഇത് ടോൾ പ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കുതർക്കത്തിന് ഇടയാക്കി. കെ.എസ്.ആർ.ടി ബസും ഫാസ്ടാഗിൽ കുരുങ്ങി. ഉച്ചയോടെ ഫാസ്ടാഗില്ലാത്ത കെ.എസ്.ആർ.ടിസിയ്ക്ക് ടോൾ ബൂത്തുകളിൽ താത്കാലിക ഇളവ് അനുവദിച്ചു. ഒരാഴ്ചയ്ക്കു ശേഷം ഇരട്ടിത്തുക ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇളവ് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി കേന്ദ്രത്തെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

കുമ്പളം ടോൾ പ്ലാസയിൽ ഇന്നലെ രാവിലെയായിരുന്നു പി.ഡി.പി പ്രതിഷേധം. 20ഓളം പ്രവർത്തകർ ടോൾ പ്ലാസയ്ക്ക് മുന്നിൽ കുത്തിയിരുന്നു. ഇവരെ പിന്നീട് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മുളവുകാട് സി.ഐയുടെ നേതൃത്വത്തിലും കൊച്ചി സിറ്റി പൊലീസിന് കീഴിലെ പൊലീസ് സംഘവും രാവിലെ മുതൽ പൊന്നാരിമംഗലത്ത് നിലയുറപ്പിച്ചിരുന്നു.

ഫാസ്ടാഗ്

ഏതു ടോൾപ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. വാഹനങ്ങളിൽ ഒട്ടിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സ്റ്റിക്കറാണിത്. വിൻഡ് സ്‌ക്രീനിൽ ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ തനിയെ ടോൾ ശേഖരിക്കപ്പെടുന്നു. വാഹനം നിർത്തി, ടോൾ കൊടുക്കേണ്ട ആവശ്യമില്ല. ടോൾ പ്ലാസയിലെ സംവിധാനം ഇലക്ട്രോമാഗ്‌നെറ്റിക് ഫ്രീക്വൻസി ഉപയോഗിച്ച് വണ്ടിയുടെ വിവരവും, ഫാസ്ടാഗ് റീചാർജ്, പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് പൈസയും എടുക്കുന്നു.

മുഴുവൻ ഫാസ്ടാഗ് ലൈനില്ല

ഫാസ്ടാഗ് നടപ്പിലാക്കിയിരുന്നെങ്കിലും ടോൾ പ്ലാസകളിൽ ഒരു ലൈൻ മാത്രമായിരുന്നു ഇത്തരം വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കിയിരുന്നത്. മറ്റ് ലൈനുകളിലൂടെ എത്തുന്ന വാഹനങ്ങൾക്ക് പണം അടച്ച് മുന്നോട്ട് പോകാനും കഴിഞ്ഞിരുന്നു. എന്നാൽ ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ പണം അടച്ച് കടന്നുപോകുന്ന ലൈനുകൾ പാടെ ഒഴിവാക്കി. നിലവിൽ ടോൾ കടക്കണമെങ്കിൽ ഫാസ്ടാഗ് എടുക്കണം. അല്ലാത്തപക്ഷം ഇരട്ടി തുക നൽകണം. അതേസമയം, ഒരു ലൈൻ പണം അടച്ച് കടന്നുപോകുന്നവ‌ർക്കായി തുറക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.