
കൊച്ചി: 21 വർഷങ്ങൾക്കു ശേഷം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കൊച്ചിയിൽ ഇന്ന് തുടക്കം. നഗരത്തിലെ ആറു തിയേറ്ററുകളിൽ നാലു പ്രദർശനങ്ങൾ വീതം 80 സിനിമകൾ അഞ്ചു ദിവസങ്ങളിലായി സിനിമാപ്രേമികൾക്ക് കാണാം.
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ 1994 ൽ കോഴിക്കോട്ടാണ് ആദ്യത്തെ ചലച്ചിത്രമേള നടന്നത്. 1999 ഏപ്രിൽ മൂന്നു മുതൽ 10 വരെയാണ് കൊച്ചിയിൽ നാലാമത് ചലച്ചിത്രമേള നടന്നത്. 1998 ൽ ചലച്ചിത്ര അക്കാഡമി രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യത്തെ മേളയായിരുന്നു കൊച്ചിയിലേത്. ചലച്ചിത്ര അക്കാഡമിയുടെ ആദ്യമേള. ചലച്ചിത്ര നിർമാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐ.എഫ്.എഫ്.കെക്ക് ലഭിച്ചത് ഈ മേളയിലാണ്. മൽസരവിഭാഗം ആരംഭിച്ചതും കൊച്ചിയിലെ മേളയിലാണ്.
 മുഖ്യവേദി സരിത തിയേറ്റർ
25ാമത് ഐ.എഫ്.എഫ്.കെയുടെ കൊച്ചി പതിപ്പ് ഇന്നു വൈകിട്ട് സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ ബാലൻ മേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കും. സരിത തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും.
ഐ.എഫ്.എഫ്.കെ പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചാ തുടക്കം. മുതിർന്ന സംവിധായകൻ കെ.ജി ജോർജിന്റെ നേതൃത്വത്തിൽ 24 പ്രമുഖർ തിരി തെളിയിക്കും. എം.എൽ.എമാരായ പി.ടി. തോമസ്, എം. സ്വരാജ്, കെ.ജെ മാക്‌സി, ജോൺ ഫെർണാണ്ടസ് എന്നിവർ ആശംസയർപ്പിക്കും. മേയർ എം. അനിൽകുമാർ ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് നൽകി നിർവഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുക്കും.
ആദ്യപ്രദർശനം ബോസ്‌നിയൻ സിനിമ
ജാസ്‌മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയൻ ചിത്രം ക്വോ വാഡിസ്, ഐഡ ? ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ബോസ്‌നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ആവിഷ്‌കരിക്കുന്ന ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
സരിത, സവിത, സംഗീത, ശ്രീധർ, കവിത, പദ്മ സ്‌ക്രീൻ 1 എന്നീ തിയേറ്ററുകളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. മുഖ്യവേദിയായ സരിത തിയേറ്റർ കോംപ്ലക്‌സിൽ എക്‌സിബിഷൻ, ഓപ്പൺ ഫോറം എന്നിവ നടക്കും.
 മേളയുടെ മുഖ്യ ആകർഷണങ്ങൾ
46 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകൾ
മത്സരവിഭാഗത്തിൽ ചുരുളി, ഹാസ്യം എന്നീ മലയാള ചിത്രങ്ങൾ
ആകെ 14 മലയാള ചിത്രങ്ങൾ
സമകാലിക ലോകസിനിമ വിഭാഗത്തിൽ 22
മലയാള സിനിമ ഇന്ന് വിഭാഗത്തിൽ 12
ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ്
കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ അഞ്ച്
വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഗൊദാർദിൻെറ ആറു സിനിമകൾ
 കൊവിഡ് സുരക്ഷാ ക്രമീകരണങ്ങൾ
2500 പേർക്കാണ് ഡെലിഗേറ്റ് പാസ്. തെർമൽ സ്‌കാനിംഗ് നടത്തി പ്രവേശനം അനുവദിക്കും. സാമൂഹ്യ അകലം പാലിച്ചു സീറ്റുകൾ. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. രാവിലെ 8 മുതൽ പ്രദർശനത്തിന് ഒരു മണിക്കൂർ മുൻപ് വരെ സീറ്റുകൾ റിസർവ് ചെയ്യാം.
 ചിത്രപ്രദർശനം
25 വർഷത്തെ മേളയുടെ സ്മരണകൾ പുതുക്കുന്ന ഫോട്ടോ എക്‌സിബിഷൻ മേള@ 25 സരിത തിയേറ്റർ കോംപ്ലക്‌സിൽ 17 ന് രാവിലെ 11 ന് ആരംഭിക്കും. സംവിധായകനും മാക്ട ചെയർമാനുമായ ജയരാജ് പ്രദർശനം ഉദ്ഘാടനം ചെയ്യും.