നെടുമ്പാശേരി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടെയും നിശ്ചിത ദൂരപരിധിയിൽ വരുന്ന കെട്ടിട നിർമാണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എതിർപ്പില്ലാ സർട്ടിഫിക്കറ്റ് വേണമെന്ന നിയമം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും ഇതിൽ പുതുതായി ഒന്നും ചേർത്തിട്ടില്ലെന്നും കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) വ്യക്തമാക്കി. കെട്ടിടങ്ങൾ, ഉയരത്തിലുള്ള മറ്റ് നിർമിതികൾ എന്നിവ പണികഴിപ്പിക്കുമ്പോൾ വിമാന ഓപ്പറേഷന്റെ സുരക്ഷയെ മുൻനിർത്തിയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നിബന്ധന ഏർപ്പെടുത്തിയിട്ടുള്ളത്.
അഞ്ച് തലങ്ങളിലുള്ള പരിശോധനകളാണ് നടക്കുന്നത്. കെട്ടിടത്തിന്റെ കൃത്യമായ സ്ഥാനവും ഉയരവും നിർണയിച്ചുവേണം രേഖകൾ സമർപ്പിക്കാൻ. വ്യോമയാനമന്ത്രാലയത്തിന്റെ www.nocas2.aai.aero എന്ന വെബ്‌സൈറ്റിലാണ് അനുമതിക്കായി അപേക്ഷ നൽകേണ്ടത്. പ്രദേശങ്ങളെ വിവിധ സോണായി തിരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് നോക്കിയാൽ സോണുകളിലെ ഉയരപരിധി അറിയാം. കെട്ടിടത്തിന്റെ സ്ഥാനവും ഉയരവും കൃത്യമായി നിർണയിക്കാൻ ഡി.ജി.പി.എസ് സംവിധാനം ഉപയോഗിക്കണം. കെട്ടിട നിർമാണ അനുമതി വേണ്ടവർ ഡി.ജി.പി.എസ് ഒരുമിച്ച് ഉപയുക്തമാക്കാനായാൽ ചെലവ് കുറയ്ക്കാം. ഇതിന് പകരമായി മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്ന വാർത്തകൾ തെറ്റാണ്. ഇപ്രകാരം സമർപ്പിക്കുന്ന അപേക്ഷകളിൻമേൽ അഞ്ച് പരിശോധനകളിൽ ഒന്നാണ് വിമാനത്താവള ഓപ്പറേറ്റർ എന്ന നിലയ്ക്ക് സിയാൽ നടത്തുന്നത്. മറ്റ് ഏത് വിമാനത്താവളങ്ങൾക്കും അതത് ഓപ്പറേറ്റർമാർ ഇത് ചെയ്യേണ്ടതുണ്ട്.
റെഡ് സോണിന് പുറത്തുള്ള മറ്റ് സോണുകൾക്ക് അതത് തദ്ദേശസ്ഥാപനങ്ങൾക്ക് തന്നെ അനുമതി കൊടുക്കാം. ഇത്തരം മേഖലകളിലെ വൻകിട കെട്ടിട സമുച്ചയങ്ങൾക്ക് മാത്രമാണ് വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള അനുമതി തേടേണ്ടത്. കൊച്ചി വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള സോണുകളെക്കുറിച്ചുള്ള സംശയങ്ങൾക്ക് പരിഹാരം കാണാൻ സിയാൽ നിരന്തരം ബോധവത്കരണ ക്ലാസ് നടത്തിവരുന്നു.