
കൊച്ചി: കൊച്ചിയിലെ പെട്രോനെറ്റ് എൽ.എൻ.ജിക്ക് ഇന്ത്യയിലെ ആദ്യത്തെ എൽ.എൻ.ജി ഫ്യുവൽ സ്റ്റേഷനുള്ള പെർമനന്റ് ലൈസൻസ് പെട്രോളിയം എക്‌സ്‌പ്ലോസീവ് ആൻഡ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അനുവദിച്ചു. ഇതോടെ വാഹനങ്ങൾക്ക് നേരിട്ട് ദ്രവീകൃത പ്രകൃതിവാതകം വാണിജ്യാടിസ്ഥാനത്തിൽ നൽകുന്ന കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയും.
രാജ്യത്ത് ആദ്യമായാണ് വാണിജ്യാടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് എൽ.എൻ.ജി നൽകാൻ ലൈസൻസ് ലഭിക്കുന്നത്. കൊച്ചി പുതുവൈപ്പിനിലെ എൽ.എൻ.ജി ടെർമിനലിലാണ് ഫ്യുവൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പെട്രോനെറ്റിന്റെ രണ്ടു ബസുകൾക്ക് ഇവിടെ നിന്ന് ഇന്ധനം നൽകുന്നുണ്ട്. കാസർകോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒരു വർഷത്തിനകം ഫ്യുവൽ സ്റ്റേഷനുകൾ തുറക്കുമെന്ന് പെട്രോനെറ്റ് അധികൃതർ പറഞ്ഞു.
സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾക്കും ഇനി എൽ.എൻ.ജി നൽകും. കൂടുതൽ ഫ്യൂവൽ സ്റ്റേഷനുകൾ തുറക്കുന്നതിന് കെ.എസ്.ആർ.ടി.സിയുമായും സർക്കാരുമായും ചർച്ചകൾ തുടരുകയാണ്.
കാക്കനാട്ട് നടന്ന ചടങ്ങിൽ പെസോ ഡപ്യൂട്ടി ചീഫ് കൺട്രോളർ ഡോ. ആർ. വേണുഗോപാൽ പെട്രോനെറ്റ് എൽ.എൻ.ജി ചീഫ് ജനറൽ മാനേജർ യോഗേന്ദ്ര റെഡ്ഡിക്ക് ലൈസൻസ് കൈമാറി. ഒരു വർഷത്തെ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം ലൈസൻസ് ലഭിച്ചത്.