കൊച്ചി: 36 ഒഴിവുകളുണ്ടായിട്ടും 15 പേരെ മാത്രം മെയിൻലിസ്റ്റിൽ പി.എസ്.സി ഉൾപ്പെടുത്തിയതുമൂലം സപ്ളിമെന്ററി പട്ടികയിൽ ഇടംപിടിച്ചിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ഇന്ന് ധർണ നടത്തും. കോടതി വിധിയുണ്ടായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പി.എസ്.സിയുടെ എറണാകുളം ഓഫീസിന് മുന്നിൽ ധർണ നടത്തുന്നത്.

എറണാകുളം ജില്ലയിലെ പാർട്ട് ടൈം ഹിന്ദി ജൂനിയർ ലാംഗ്വേജ് ടീച്ചർ തസ്തികയിൽ പരീക്ഷ നടത്തി 2020 ആഗസ്റ്റിലാണ് പട്ടിക തയ്യാറാക്കിയത്. 36 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. നാനൂറിലേറെപ്പേർ പരീക്ഷയെഴുതിയിരുന്നു. മെയിൻ പട്ടികയിൽ 15 പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇവർക്കെല്ലാം ഒറ്റദിവസംകൊണ്ട് നിയമനവും നൽകി.

ശേഷിക്കുന്ന ഒഴിവുകളിലേയ്ക്ക് തങ്ങൾക്ക് നിയമനം നൽകണമെന്ന അഭ്യർത്ഥന പി.എസ്.സി നിരസിച്ചെന്ന് ഉദ്യോഗാർത്ഥികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25 പേരെ അഭിമുഖത്തിന് വിളിച്ചെങ്കിലും 15 പേർ മാത്രം പങ്കെടുത്തതിനാലാണ് പട്ടികയിൽ അത്രയും പേരായതെന്നാണ് പി.എസ്.സിയുടെ വിശദീകരണം. മെയിൻലിസ്റ്റിലെ മുഴുവൻപേർക്കും നിയമനം നൽകിയതോടെ റാങ്ക് ലിസ്റ്റ് അസാധുവായെന്നും അറിയിച്ചു. തങ്ങൾ സമർപ്പിച്ച ഹർജിയിൽ നിയമാനുസൃത നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും പി.എസ്.സി തയ്യാറായില്ലെന്ന് അവർ പറഞ്ഞു. സർക്കാർ ജോലി ലഭിക്കാനുള്ള അവസാന അവസരമാണ് നഷ്ടപ്പെടുത്തിയത്. മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നുരാവിലെ 11 മുതൽ ധർണ നടത്തുന്നതെന്ന് സപ്ളിമെന്ററി പട്ടികയിലുള്ള സെമി, സെയ്‌ഫുന്നീസ, ഷേർളി, സുനിത എന്നിവർ പറഞ്ഞു.