കൊച്ചി: കാക്കനാട് വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ കന്യാസ്ത്രീ ജെസീനയെ (45) പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 15പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സെന്റ് തോമസ് കോൺവെന്റിലെ ഒമ്പത് കന്യാസ്ത്രീമാരുടെയും സിസ്റ്റർ ജെസീനയുടെ മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരുടെയും മൊഴികളുമാണ് രേഖപ്പെടുത്തിയത്.

തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ആർ. സുരേഷ്‌കുമാർ നേരിട്ടാണ് മൊഴിയെടുത്തത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച നടപടി വൈകിട്ട് പൂർത്തിയായി. മകൾക്ക് മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി മാതാപിതാക്കൾ പൊലീസിനോട് വെളിപ്പെടുത്തി. ജെസീന മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതടക്കം അറിഞ്ഞിരുന്നില്ലെന്ന് ഇവർ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനൊപ്പം ആന്തരികഅവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയുടെയും ഫലത്തിനായും കാക്കുകയാണ് പൊലീസ്.

അപകടം മകളെ തളർത്തി

2004ൽ ഭോപ്പാലിലെ ഉജ്ജൈയിനിലായിരുന്നു സിസ്റ്റർ ജെസീന. ആയിടയ്ക്കാണ് സഹപ്രവർത്തക വാഹനാപകടത്തിൽ മരിക്കുന്നത്. ഈ അപകടം നേരിൽ കണ്ട സിസ്റ്റർ മാനസികമായി തളർന്നിരുന്നു. മനസിനെ ഉലച്ച ആഘാതം പിന്നീട് ജീവിതത്തേയും അലട്ടിയിരുന്നതായി ഇന്നലെ മാതാപിതാക്കൾ പൊലീസിനോട് വെളിപ്പെടുത്തി.