p

കൊച്ചി: നയതന്ത്രചാനൽ വഴി വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ യൂണിടാക് എം.ഡി സന്തോഷ് ഇൗപ്പനെ കസ്റ്റംസ് അറസ്റ്റുചെയ്തു. ഡോളർ കടത്തിന് സഹായിച്ചതിനാണ് അറസ്റ്റ്. ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയതിനെത്തുർടന്ന് എറണാകുളം അഡിഷണൽ സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു. യു.എ.ഇ കോൺസുലേറ്റിലെ ധനകാര്യവിഭാഗം മുൻമേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി 2019 ആഗസ്റ്റ് ഏഴിന് 1.90 ലക്ഷം ഡോളർ (ഏകദേശം 1.30 കോടി രൂപ) കടത്തിയ കേസിൽ അഞ്ചാംപ്രതിയാണ് സന്തോഷ് ഇൗപ്പൻ.

ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവു നശിപ്പിക്കുകയോ ചെയ്യരുത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഫണ്ടു ലഭിച്ചതിന് ആറുശതമാനം കമ്മിഷൻ സന്ദീപ് നായരുടെ കമ്പനിക്കു നൽകിയെന്നും തുക ഖാലിദ് ഡോളറാക്കി കടത്തുന്നവിവരം അറിയാമായിരുന്നെന്നും ഇന്നലെ സമ്മതിച്ചു. നേരത്തെ രണ്ടുതവണ ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയാണ് അറസ്റ്റുചെയ്തത്.

കേസിങ്ങനെ

സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷും പി.എസ്. സരിത്തും നൽകിയ മൊഴികളിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഡോളർ കടത്തിയത് വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി ലഭിച്ച 1.90 ലക്ഷം ഡോളറാണ് ഖാലിദ് മുഹമ്മദ് അലി ഷൗക്രി മസ്കറ്റിലേക്കു കൊണ്ടുപോയെന്ന് കണ്ടെത്തി. സരിത്ത്, സ്വപ്ന, ഖാലിദ് എന്നിവരെ പ്രതിചേർത്ത കസ്റ്റംസ് സ്വർണക്കടത്തുമായി ഇതിനു ബന്ധമുണ്ടെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഒത്താശ ചെയ്തതിന്റെ പേരിൽ പ്രതിയാക്കി.