കൊച്ചി: 17-ാമത് കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ മേള വെർച്വൽ മീറ്റിംഗിലൂടെ ഉദ്ഘാടനം ചെയ്തു. മുള അനുബന്ധ ഉത്പാദന മേഖലയിൽ വൈവിധ്യവത്കരണവും ആധുനികവത്കരണവും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ബാംബൂ മിഷൻ (കെ.എസ്. ബി.എം), കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെബിപ്), സംസ്ഥാന വ്യവസായവകുപ്പ് എന്നിവർ ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (ഫിക്കി) ചേർന്നാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ രാജ്യാന്തര ബയർമാരും ഇത്തവണ ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. ബായാർ സെല്ലർ മീറ്റുകളും പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ബി.ടു.ബി, ജി.ടു.ബി സെഷനുകളും ഉണ്ടാകും.ഓഫീസ് സ്റ്റേഷനറി, ബാംബൂ ബ്ലിൻഡ്‌സ്, അടുക്കള ഉപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, ഇന്റീരിയർ ഡിസൈൻ, ബാംബൂ ഫർണിച്ചർ, കെട്ടിട നിർമാണ വസ്തുക്കൾ, ബാംബൂ സീഡ്‌ലിംഗ്സ് തുടങ്ങിയവ പ്രദർശനത്തിലുണ്ടാകും.മേള 20 ന് സമാപിക്കും.