ആലുവ: ജില്ലയിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം പരാതിപരിഹാര അദാലത്തിന്റെ രണ്ടാം ദിവസം 1881 പരാതികളിൽ പരിഹാരമായി. രണ്ട് ദിവസങ്ങളിലായി വിതരണം ചെയ്ത് 1.20 കോടിയുടെ ധനസഹായമാണ്. ആലുവ, പറവൂർ താലൂക്കുകളിലെ ജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി ഇന്നലെ ആലുവ യു.സി കോളേജിൽ സംഘടിപ്പിച്ച അദാലത്തിൽ മന്ത്രിമാരായ ഇ.പി ജയരാജൻ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
വിവിധ പരാതികളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 61.40 ലക്ഷം രൂപയുടെ ധനസഹായമാണ് രണ്ടാം ദിവസമായ ഇന്നലെ അനുവദിച്ചത്. പറവൂർ താലൂക്കിൽ 36 ലക്ഷം രൂപയുടെയും ആലുവ താലൂക്കിൽ 25 ലക്ഷം രൂപയുടെയും ധനസഹായം വിതരണം ചെയ്തു. അർഹരായ 132 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചു. വിവിധ ബാങ്ക് വായ്പകളിൽ പലിശയിളവുകൾ അനുവദിച്ചതിന് പുറമേ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികളിൽ പരിഹാരം കണ്ടെത്താൻ അദാലത്തിൽ സാധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം ഒരാഴ്ചയ്ക്കുളളിൽ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കും.
എസ്. ശർമ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ എസ്. സുഹാസ്, എസ്. പി കെ. കാർത്തിക്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ സന്നിഹിതരായിരുന്നു.ആലുവയിൽ ഉദ്ഘാടന ചടങ്ങിന് വേണ്ട ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ ഒരുക്കിയിരുന്നെങ്കിലും മന്ത്രി ജി. സുധാകരൻ ഇടപ്പെട്ട് ഒഴിവാക്കി. ജനങ്ങളുടെ പരാതിക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്ന് പറഞ്ഞ് നേരിട്ട് അദാലത്തിലേക്ക് കടക്കുകയായിരുന്നു.
അദാലത്ത് നാളെ കോതമംഗത്ത്
കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളെ ഉൾപ്പെടുത്തിയുള്ള പരാതി പരിഹാര അദാലത്ത് നാളെ കോതമംഗത്ത് നടക്കും.