തൃക്കാക്കര : തൃക്കാക്കര നഗരസഭ വികസന സെമിനാറിൽ കുടിവെള്ളം,​ മാലിന്യനിർമ്മാർജനം തുടങ്ങി സർവത്ര മേഖലകളിലും സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന പദ്ധതികൾക്ക് രൂപമായി. 2021- 2022 വർഷത്തിൽ 100 കോടി രൂപയുടെ കരട് വികസന നിർദേശങ്ങൾക്ക് രൂപമായി.
നാളെ ചേരുന്ന നഗരസഭ കൗൺസിൽ യോഗം പദ്ധതികൾക്ക് അന്തിമ രൂപം നൽകി ജില്ലാ ആസൂത്രണ സമിതിക്കു സമർപ്പിക്കും. പ്ലാൻ വിഹിതവും തനതു ഫണ്ടും ഇതര സ്രോതസുകളും ചേർത്തു 100 കോടി രൂപയുടെ വരുമാനമാണ് നഗരസഭ പുതിയ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് . 16 വർക്കിങ് ഗ്രൂപ്പുകളാണ് വികസന പദ്ധതികൾക്കു രൂപം നൽകിയത്. വികസന സെമിനാർ പി.ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി , സ്ഥിരം സമിതി അധ്യക്ഷൻമാരായ നൗഷാദ് പല്ലച്ചി, റാഷിദ് ഉള്ളംപിള്ളി, സ്മിത സണ്ണി, സോമി റെജി, സുനീറ ഫിറോസ്, മുൻ ചെയർമാൻമാരായ പി.ഐ.മുഹമ്മദാലി, ഷാജി വാഴക്കാല,നഗരസഭ സെക്രട്ടറി കെ.എൻ.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

 ചട്ടം പാലിച്ചില്ല, സ്വതന്ത്രൻ ഉൾപ്പടെ 18 കൗൺസിലർമാർ വിട്ടുനിന്നു

കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നഗരസഭയിലെ പ്രധാന തീരുമാനങ്ങൾ സപ്ലിമെന്ററി അജണ്ടയിൽ ഉൾപ്പെടുത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗൺസിലർ പി.സി മനൂപും പ്രതിപക്ഷത്തെ 17 കൗൺസിലർമാരും എതിർത്തിരുന്നു.തുടർന്ന് വോട്ടിംഗിനു ഇടണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ചുമില്ല.കൂടാതെ മിനിറ്റ്സിൽ വിയോജനം രേഖപ്പെടുത്തിയതായി തെറ്റായാണ് കാണിച്ചിരിക്കുന്നത്. മുൻ ഭരണ സമിതി ചട്ടങ്ങൾ പാലിച്ചുകൊണ്ട്‌ നടത്തിയ 47 ടെൻഡറുകൾ റദ്ദാക്കുന്നത് അടക്കമുള്ള നിർണായകമായ തീരുമാനങ്ങൾ പ്രധാന അജണ്ടയിൽ വരാതെ സപ്ലിമെന്ററി അജണ്ടയിൽ ഉൾപ്പെടുത്തിയതും പ്രതിക്ഷേധത്തിന് കാരണമായി.
ഇതിനെതിരെ പ്രതിക്ഷേധിച്ച് സ്വതന്ത്ര കൗൺസിലർ പി.സി മനൂപും പ്രതിപക്ഷത്തെ 17 കൗൺസിലർമാരും ഇന്നലെ ചേർന്ന വികസന സെമിനാറിൽ നിന്നും വിട്ടുനിന്നു.