കിഴക്കമ്പലം: കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘം ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്ന് പെരിങ്ങാലയിൽ നടക്കും. കുന്നത്തുനാട് നിയോജക മണ്ഡലത്തിന്റെ പരിധിയിലെ എട്ട് പഞ്ചായത്തുകൾ ചേർന്നാണ് പെരിങ്ങാല ആസ്ഥാനമായി ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. സിന്തൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറകടർ വിജു ജേക്കബ്, മുൻ എം.എൽ.എ എം.എം മോനായി തുടങ്ങിയവർ പങ്കെടുക്കും. മടങ്ങി വരുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് പ്രവാസി സഹകരണ സംഘം ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾ അവരിലേക്ക് എത്തിക്കുവാനും സംഘം പ്രഥമ പരിഗണന നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സഹകരണ സംഘം പ്രസിഡന്റ് നിസാർ ഇബ്രാഹിം, സഹകരണ സംഘം സെക്രട്ടറി പി.പി. മത്തായി, ജോഷി വർഗീസ്, ഇ.കെ. അബ്ദുൾസലാം, പി.എ. ബഷീർ, ഇ.വി.അന്തിലു, ടോജി തോമസ്, പി.കെ. ഉസ്മാൻ, കിഷിത ജോർജ് എന്നിവർ പങ്കെടുത്തു.