hicourt

കൊച്ചി: ഇൗടുനൽകിയ ഭൂമിയുടെ രേഖകളിൽ സാങ്കേതികന്യായങ്ങൾ പറഞ്ഞ് വിദ്യാഭ്യാസവായ്പ നിഷേധിച്ച ബാങ്കിന് ഹൈക്കോടതിയുടെ വിമർശനം. രേഖകൾ ഹാജരാക്കിയാൽ രണ്ടാഴ്ചയ്ക്കകം തുക നൽകാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിനി ശ്രുതി നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹർജിക്കാരി റഷ്യയിൽ മെഡിസിന് പഠിക്കാനായി 15 ലക്ഷംരൂപ വിദ്യാലക്ഷ്മി വായ്പാപദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്കിന്റെ ഒറ്റശേഖരമംഗലം ബ്രാഞ്ചിൽ അപേക്ഷ നൽകിയിരുന്നു. പിതാവിന്റെ പേരിലുള്ള ഭൂമിയാണ് ഇൗടുനൽകിയത്. 39 കൊല്ലം മുമ്പ് ഭൂമി ഇഷ്ടദാനമായി ലഭിച്ചതിന്റെയും 27 കൊല്ലം മുമ്പുള്ള പവർ ഒഫ് അറ്റോർണിയുടെയും ഒറിജിനൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് വായ്പാപേക്ഷ നിരസിച്ചു. ഇവയുടെ സാക്ഷ്യപ്പെടുത്തിയ രേഖ ഹർജിക്കാരിയിട്ടും ഒറിജിനൽതന്നെ വേണമെന്ന് ശാഠ്യംപിടിച്ചാണ് ബാങ്ക് അധികൃതർ വായ്പ നിഷേധിച്ചത്. ഫീസ് നൽകുന്നതു വൈകിയാൽ പുറത്താക്കേണ്ടിവരുമെന്ന് കോളേജ് അധികൃതർ ജനുവരി 18ന് ഹർജിക്കാരിക്ക് നോട്ടീസ് നൽകിയതും ഹൈക്കോടതി കണക്കിലെടുത്തു.വായ്പ നിഷേധിച്ച ബാങ്കിന്റെ നടപടി വിദ്യാർത്ഥിനിയുടെ പഠനം തുടരാനുള്ള അവസരം നഷ്ടമാക്കുന്നതും അവരുടെ ഭാവി തകർക്കുന്നതുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പഠനത്തിൽ മിടുക്കരായവർക്ക് ഉന്നതപഠനത്തിന് അവസരം ലഭിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ നയപരമായ പദ്ധതിയാണ് വിദ്യാലക്ഷ്മി വായ്പാപദ്ധതി. വെറും സാങ്കേതികതയുടെ പേരിൽ പഠനം മുടങ്ങിയാൽ ഇൗ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കു വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.