 
മൂവാറ്റുപുഴ: കോർപ്പറേറ്റുകാർക്കുവേണ്ടി വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ കോൺഗ്രസും ബി.ജെ.പിയും ഒരേ തൂവൽപക്ഷികളാണന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. എൽ.ഡി.എഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് മൂവാറ്റുപുഴ ടൗൺഹാൾ അങ്കണത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് വേണ്ടി വികസനം നടപ്പിലാക്കണമെന്ന ജനപക്ഷ നിലപാടാണ് എൽ.ഡി.എഫ് സർക്കാരിനെ വ്യത്യസ്തമാക്കിയത്. സർക്കാരിനെ തകർക്കാൻ സംസ്ഥാനത്ത് ബി.ജെ.പി, യു.ഡി.എഫ് കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ കേരള ജനത തൂത്തെറിയും. ഇടതുപക്ഷം വിശ്വാസികൾക്കെതിരാണെന്ന പ്രചരണമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്നും ശബരിമലയാണങ്കിലും പള്ളി തർക്കമാണങ്കിലും വിശ്വാസികളെ മാനിക്കുന്ന പക്ഷമാണ് ഇടതുപക്ഷമെന്നും ബിനോയ് വിശ്വം പറഞ്ഞു.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലേയ്ക്ക് ജാഥയെ മാറാടി മണ്ണത്തൂർ കവലയിൽ നേതാക്കളും പ്രവർത്തകരും സ്വീകരിച്ച് മൂവാറ്റുപുഴ ടൗൺ ഹാൾ ഗ്രൗണ്ടിലേയ്ക്ക് ആനയിച്ചു. സ്വീകരണ കേന്ദ്രത്തിൽ ജാഥാംഗങ്ങളായ അബ്ദുൾ വഹാബ്, എം.വി. ഗോവിന്ദൻ ,അഡ്വ.പി. വസന്തം തുടങ്ങിയവർ സംസാരിച്ചു.എൻ അരുൺ അദ്ധ്യക്ഷത വഹിച്ചു. എം ആർ പ്രഭാകരൻ സ്വാഗതവും അഡ്വ.ഷൈൻ ജേക്കബ് നന്ദിയും പറഞ്ഞു.