 
പൂത്തോട്ട: ചോർന്നൊലിക്കുന്ന വീട്ടിൽ പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ഉദയംപേരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന ശാന്തമ്മയും ഭർത്താവ് കരുണനും. വാർഡിലെ മൂന്ന് സെന്റ് സ്ഥലത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച വീട്
പാതി തകർന്ന നിലയിലാണ്.കൂലിപ്പണിക്കാരനായ കരുണൻ രോഗികൂടിയാണ്. പ്രളയകാലത്ത് ഇവരുടെ വീട്ടിൽ വെള്ളംകയറി നിത്യോപയോഗ സാധനങ്ങൾ നശിച്ചുപോയിരുന്നു.
പ്രളയ ദുരിതാശ്വാസമായി എല്ലാവർക്കും ലഭിച്ച 10,000 രൂപയുടെ ധനസഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഗ്രാമസഭയിലും ശാന്തമ്മ പരാതി പറഞ്ഞെങ്കിലും അടുത്തതവണ പരിഗണിക്കാമെന്ന പതിവ് പല്ലവിയാണ് കേട്ടത്.
ശാന്തമ്മയുടെ കുടുംബത്തിന് പുറമെ ഇവിടെ താമസിക്കുന്ന അഞ്ചോളം കുടുംബങ്ങൾക്കും ശൗചാലയവും അടച്ചുറപ്പുള്ള വീടുമില്ല. മാത്രമല്ല, ഇവർക്ക് മറുകര കടക്കാൻ ആകെയുള്ളത് പാതിതകർന്ന ഒരു വള്ളമാണ്.