കൊച്ചി : നഗരത്തിൽ നടക്കാൻ പോലും ഇടമില്ലാതെ കാൽനടയാത്രക്കാർ വലയുന്നു. ജീവൻ പണയം വെച്ചുള്ള കളിയായി മാറുകയാണ് റോഡു മുറിച്ചുകടക്കൽ. ഉള്ള നടപ്പാതകൾ ഇരുചക്രവാഹനങ്ങളും കാറുകളും കൈയേറിയതോടെ കാൽനടക്കാർക്ക് നടുറോഡിൽ കൂടി യാത്ര ചെയ്യേണ്ട അവസ്ഥയാണ് നഗരത്തിൽ പലയിടത്തും.

 ജനറൽ ആശുപത്രി റോഡ്

ആധുനിക രീതിയിൽ നിർമിച്ച നടപ്പാതയിപ്പോൾ ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ് യാർഡാണ്. ജനറൽ ആശുപത്രിയിൽ വരുന്ന സാധാരണക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മറ്റിടങ്ങൾ ഇല്ലെന്നതും വസ്തുതയാണ്. പൊതുമരാമത്ത് ജോലികൾ നടക്കുന്നിടത്തെല്ലാം കാൽനടയാത്രക്കാർക്ക് പുല്ലുവിലയാണ്. കടവന്ത്ര മെട്രോ സ്റ്റേഷൻ പരിസരത്ത് പാലത്തിലെ ഫുട്പാത്ത് കൈയേറി കേബിൾ കമ്പനികൾ പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുകയാണ്.

 വെെറ്റിലയിൽ പെടാപ്പാട്

വൈറ്റിലയിൽ പൊലീസുണ്ടെങ്കിലേ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനാകൂ എന്ന സ്ഥിതിയാണ്. അല്ലെങ്കിൽ കുതിച്ചുപാഞ്ഞുവരുന്ന വാഹനങ്ങൾ ഇടിച്ചിടുമെന്ന് ഉറപ്പ്. കാൽനടയാത്രക്കാർക്കായി നല്ല നടപ്പാത മിക്കയിടത്തുമുണ്ടെങ്കിലും ഇതുവഴി നടക്കണമെങ്കിൽ ഇരുചക്രവാഹനയാത്രക്കാരുടെ കനിവുവേണം.

നടപ്പാതകൾ പാർക്കിംഗ് കേന്ദ്രമാക്കി കടയുടമകളും

നഗരത്തിലെ മിക്കയിടങ്ങളിലും വീതിയിൽ നിർമ്മിച്ചിരിക്കുന്ന നടപ്പാതകൾ കടയുടമകൾ തന്നെ പാർക്കിംഗ് സ്ഥലങ്ങളാക്കി മാറ്റുകയാണ്. റോഡിൽ നിന്ന് ഒരടിയെങ്കിലും ഉയരത്തിൽ നിർമ്മിക്കേണ്ട പാതകൾ റോഡ് നിരപ്പിൽ നിർമ്മിക്കുന്നതാണ് പ്രശ്നം. ചിലയിടങ്ങളിൽ ചെറുകിട കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ കച്ചവടം നടത്താനും നടപ്പാതകൾ കൈയേറുന്നുണ്ട്.

 നടപടിയെടുക്കും

നടപ്പാതകൾ കാൽനട യാത്രക്കാർക്ക് മാത്രമുള്ളതാണ്. മിക്കയിടങ്ങളിലും കച്ചവടക്കാരും വാഹനയുടമകളും പാതകൾ കൈയേറുന്നത് ഗുരുതരമായ പ്രശ്നമാണ്. ഇതു സംബന്ധിച്ച് ഹെെക്കോടതിയും വിധി പറഞ്ഞിട്ടുള്ളതാണ്. നഗരസഭാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടുത്തയാഴ്ച പരിശോധനകൾ നടത്തുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.പൊലീസ് അധികാരികൾക്കും ശക്തമായ നടപടിയെടുക്കുവാൻ നിർദ്ദേശം നൽകും.

എ.എസ്. നൈസ് ,

സെക്രട്ടറി കൊച്ചി കോർപ്പറേഷൻ