vehicle

കൊച്ചി: രജിസ്റ്റർ ചെയ്യുന്നതിന് പുതിയ വാഹനങ്ങളുമായി ആർ.ടി ഓഫീസിൽ പോയി കാത്തുനിന്ന് സമയം കളയേണ്ട. കാറും ബൈക്കുമൊക്കെ ഇനി ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾ ലഘൂകരിക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായം കേട്ടശേഷം അന്തിമവിജ്ഞാപനം മാർച്ച് 15ന് ഇറക്കും

ഫാക്ടറിയിൽ നിന്നു വാഹനം പുറത്തിറക്കുമ്പോൾ തന്നെ എൻജിൻ, ഷാസി നമ്പരുകൾ ഉൾപ്പെടെ വിവരങ്ങൾ ‘വാഹൻ’ പോർട്ടലിലെത്തും. വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താൻ മാത്രമാണ് ഡീലർമാർക്ക് അനുമതി. നിർമാണത്തീയതി, മോഡൽ, അടിസ്ഥാനവിവരങ്ങൾ എന്നിവയിൽ മാറ്റംവരുത്താൻ കഴിയില്ല.‘വാഹൻ’ സോഫ്ട് വെയറിൽ വാഹന നിർമാതാക്കൾ തന്നെ വിവരങ്ങൾ നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ രജിസ്ട്രേഷൻ. നിലവിൽ വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യുന്നതിന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ എൻജിൻ, ഷാസി നമ്പറുകൾ ഡീലറിൽനിന്ന് ലഭിക്കുന്ന രേഖകളുമായി ഒത്തുനോക്കി ഉറപ്പാക്കണം. വാഹൻ രജിസ്‌ട്രേഷൻ സംവിധാനത്തിൽ നിർമ്മാതാക്കൾ വിവരങ്ങൾ ആദ്യമേ നൽകുന്നതിനാൽ പരിശോധന വേണ്ടെന്നാണ് വിലയിരുത്തൽ.

ബസ്, ലോറി രജിസ്ട്രേഷൻ പഴയപടി

ഷാസി വാങ്ങിയശേഷം ബോഡി നിർമിക്കുന്ന ബസ്, ലോറി എന്നിവ പരിശോധനയ്ക്ക് ആർ.ടി ഓഫീസിൽ കൊണ്ടുവരണം. ഷാസിക്കു മാത്രമാണ് താത്കാലിക പെർമിറ്റ് നൽകുന്നത്. വ്യവസ്ഥകൾ പാലിച്ചാണോ ബാക്കിഭാഗങ്ങൾ നിർമിച്ചതെന്ന് ഉറപ്പുവരുത്താനാണ് പരിശോധന.

ഉടമസ്ഥാവകാശം മാറ്റലും ഓൺലൈനിൽ

പഴയ വാഹനങ്ങൾ വിറ്റാൽ ഉടസ്ഥാവകാശം മാറ്റുന്നതിനും ആർ.ടി ഓഫീസുകൾ കയറേണ്ട. ആർ.സി ബുക്ക് ഉടമ തന്നെ വാങ്ങുന്നയാൾക്ക് കൈമാറിയാൽ മതി. ഉടമസ്ഥാവകാശം മാറിയ വിവരം ഓൺലൈനിൽ നൽകാം. സർട്ടിഫിക്കറ്റ് വാങ്ങിയയാൾക്ക് സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.

ഓൺലെെൻ രജിസ്ട്രേഷൻ വരുന്നതോടെ വാഹന രജിസ്ട്രഷൻ പരിശോധനയ്ക്ക് വേണ്ടിവരുന്ന സമയം ലാഭിക്കാം. ഓഫീസിലെ ജോലിഭാരവും കുറയും. ആധാർ വിവരങ്ങൾകൂടി ഉൾക്കൊള്ളിക്കുന്നതോടെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ സുതാര്യമാകും.

എ.കെ. രാജീവ്,

ജോ.ആർ.ടി.ഒ അങ്കമാലി