കൊച്ചി: ഒരു പതിറ്റാണ്ടിനുശേഷം നഗരഭരണം പിടിച്ചെടുത്ത എൽ.ഡി.എഫ് കൊച്ചിക്കുവേണ്ടി കാത്തുവച്ചിരിക്കുന്നത് എന്തൊക്കെയെന്ന ആകാംക്ഷയിലാണ് നഗരവാസികൾ. എൽ.ഡി.എഫ് ഭരണസമിതിയുടെ ആദ്യ ബഡ്‌ജറ്റാണ് ശനിയാഴ്ച അവതരിപ്പിക്കുന്നത്.
വീട്, ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങി സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളുടെ തുടർച്ച ബഡ്‌ജറ്റിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി നഗരത്തിനായി പുതിയ വികസന കാഴ്ചപ്പാട് സൃഷ്ടിക്കുമോയെന്നും കണ്ടറിയാം. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പരമാവധി പരിഗണിക്കുമെന്നാണ് സൂചന.
രാവിലെ 10.30 ന് ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ബഡ്‌ജറ്റ് അവതരിപ്പിക്കും. തിങ്കളാഴ്ച ബഡ്‌ജറ്റിൻ മേലുള്ള ചർച്ച നടക്കും. ചൊവ്വാഴ്ച പാസാക്കും. അതേസമയം കോർപ്പറേഷന്റെ സാമ്പത്തികസ്ഥിതി അവലോകനം സംബന്ധിച്ച് അടിയന്തര കൗൺസിൽ യോഗം ഇന്ന് കൗൺസിൽ ഹാളിൽ ചേരുന്നുണ്ട്.
# ലൈഫ് പുതിയ രൂപത്തിലെത്തുമോ
നഗരത്തിൽ ഒരു തുണ്ട് ഭൂമി വാങ്ങി വീടുപണിയുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് ഒരിക്കലും നടക്കാത്ത സ്വപ്നമാണ്. ഭൂരഹിതരായ ഭവനരഹിതർക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും പദ്ധതികൾ ബഡ്‌ജറ്റിൽ ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുന്നു. മുൻ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് സ്വന്തമായി ഭൂമിയുള്ളവർക്ക് പ്രധാൻമന്ത്രി ആവാസ് യോജനയുടെ (പി.എം.എ.വൈ ) ഭാഗമായി ഭവനനിർമാണത്തിനായി നാലുലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
# വരുമാന വർദ്ധന
കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന കോർപ്പറേഷൻ വരുമാന വർദ്ധനവിനായി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നാണ് സൂചന. നഗരത്തിൽ ഒന്നരലക്ഷം വീടുകളും അരലക്ഷം വ്യാപാര സ്ഥാപനങ്ങളുണ്ട്. കൃത്യമായി കെട്ടിടനികുതി പിരിച്ചെടുക്കാൻ കഴിയുന്നില്ലെന്ന് പരക്കേ ആക്ഷേപമുണ്ട്. ഇ ഗവേണൻസ് സൗകര്യമില്ലാത്തതിനാൽ ജനങ്ങൾക്ക് ഓൺലൈനായി നികുതി അടയ്ക്കാൻ കഴിയില്ല. ഇതും വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നു. വരുമാനചോർച്ചയാണ് മറ്റൊരു വിഷയം.
# മാലിന്യസംസ്കരണ നയം
കോർപ്പറേഷന്റെയും അഞ്ച് മുനിസിപ്പാലിറ്റികളുടെയും മൂന്ന് പഞ്ചായത്തുകളുടെയും മാലിന്യം സംസ്കരിക്കുന്ന ബ്രഹ്മപുരത്തെ പ്ളാന്റിൽ അറ്റകുറ്റപ്പണികൾ നടന്നിട്ട് പത്തുവർഷം കഴിഞ്ഞു. പ്ളാന്റിന് ചുറ്റുമായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ എങ്ങനെ നീക്കം ചെയ്യുമെന്നതാണ് മറ്റൊരുപ്രശ്നം.
# സാംസ്കാരിക കേന്ദ്രങ്ങൾ
ഫോർട്ടുകൊച്ചിയിലെ കോക്കേഴ്സ് തിയേറ്റർ, നോർത്തിലെ ലിബ്ര ഹോട്ടൽ, കോർപ്പറേഷന്റെ ആസ്ഥാനമന്ദിര നിർമാണം തുടങ്ങി എല്ലാ ബഡ്‌ജറ്റിലും ആവർത്തിക്കപ്പെടുന്ന പദ്ധതികളുടെ കാര്യത്തിൽ ഇത്തവണ എന്തെങ്കിലും നടപടികളുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്.