കൊച്ചി: കൊച്ചി മെട്രോ റെയിലിന് ഡ്രോൺ ഉപയോഗിക്കാൻ അനുമതി ലഭിച്ചു. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഡ്രോൺ സംവിധാനം ഉപയോഗിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് വ്യോമയാന മന്ത്രാലയവും, വ്യോമയാന ഡയറക്ടറേറ്റ് ജനറലുമാണ് പ്രത്യേക അനുവാദം നൽകിയത്. കെ.എം.ആർ.എല്ലിന്റെ സംയോജിത നഗര പുനരുജ്ജീവന - ജലഗതാഗത സംവിധാന പദ്ധതിയ്ക്കായാണ് അനുമതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബർ 5നാണ് കെ.എം.ആർ.എൽ അപേക്ഷ നൽകിയത്. അപേക്ഷ അനുവദിച്ച് കഴിഞ്ഞ ഫെബ്രു. 12 ന് ഉത്തരവിറങ്ങി. അനുമതി പത്രം നൽകിയ തീയതി മുതൽ 2021 ഡിസംബർ 31 വരെയോ, ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം (ഒന്നാം ഘട്ടം) പൂർണമായും പ്രവർത്തന സജ്ജമാകുന്നത് വരെയോ ആണ് ഈ പ്രത്യേക അനുമതി. ഇത് സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ നിബന്ധനകളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണം. നിബന്ധനകളിൽ ഏതെങ്കിലും ലംഘിച്ചാൽ അനുമതി പിൻവലിക്കും.