
കൊച്ചി: രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് തിരിതെളിയുന്നതിനു മുമ്പേ വിവാദങ്ങളുടെ റീൽ ഒാടിത്തുടങ്ങി. നടൻ സലിംകുമാറിനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെച്ചൊല്ലിയുള്ള വിവാദമാണ് ഇന്നലെ അരങ്ങേറിയത്. ഉദ്ഘാടന ചടങ്ങിൽനിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ നടൻ സലിംകുമാർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയപരമായ കാരണങ്ങളാലാണ് തന്നെ ഒഴിവാക്കിയതെന്നും കാരണം തിരക്കിയപ്പോൾ പ്രായക്കൂടുതലുള്ളവരെ ഒഴിവാക്കാനാണ് തീരുമാനമെന്ന് അക്കാഡമി പ്രതിനിധി മറുപടി നൽകിയെന്നും സലിംകുമാർ പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമൽ രംഗത്തെത്തി. പിന്നാലെ സലിംകുമാറിന് പിന്തുണയുമായി ഹൈബി ഇൗഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.ടി. തോമസ് തുടങ്ങിയ ജനപ്രതിനിധികളുടെ പ്രതികരണങ്ങളുമെത്തി. സംവിധായകൻ ജോൺ ഡിറ്റോ സലിംകുമാറിന്റെ ചിത്രം പതിച്ച ബാഡ്ജുമായി കവിത തിയേറ്ററിൽ പ്രതിഷേധിച്ചു.
 ഇന്നലെ കമൽ പറഞ്ഞത്
വിവാദത്തിനു പിന്നിൽ സലിംകുമാറിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ടാകാം. അദ്ദേഹത്തെ മേളയിൽനിന്ന് ആരും ഒഴിവാക്കിയിട്ടില്ല. സലിംകുമാറുമായി അരമണിക്കൂറോളം സംസാരിച്ചെങ്കിലും അഭിപ്രായവ്യത്യാസം മാറിയില്ല. അദ്ദേഹത്തെ അവഹേളിച്ചിട്ടില്ല. വേദനിച്ചെങ്കിൽ മാപ്പുപറയാനും തയ്യാറാണെന്ന് കഴിഞ്ഞദിവസം തന്നെ പറഞ്ഞിരുന്നു. പ്രാദേശിക സംഘാടകസമിതിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിനു പിന്നിൽ രാഷ്ട്രീയമില്ല.
 സലിംകുമാറിന്റെ മറുപടി വീണ്ടും
എന്നെ മാറ്റി നിറുത്തിയപ്പോൾ ചിലരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടു. ജനങ്ങൾക്ക് ഇക്കാര്യങ്ങളൊക്കെ ബോദ്ധ്യമാകും. എന്തായാലും മേളയുടെ ചടങ്ങിൽ ഇനി പങ്കെടുക്കുന്നില്ല. എന്റെ നിലപാടിനെ പിന്തുണച്ചവരോടുള്ള അനീതിയാകുമത്.
 ബഹിഷ്കരിക്കുന്നെന്ന് ഹൈബി
സലിംകുമാറില്ലെങ്കിൽ ഞങ്ങളുമില്ല. കൊച്ചിയിൽ ഫിലിം ഫെസ്റ്റിവൽ കോൺഗ്രസ് ബഹിഷ്കരിക്കുന്നു.