sebi-varghese
സെബി വർഗീസ്

ആലുവ: അങ്കമാലി, കാലടി, നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ മൂക്കന്നൂർ താബോർ മാടശേരി വീട്ടിൽ സെബി വർഗീസിനെ(29) കാപ്പ ചുമത്തി നാടുകടത്തി. അടിപിടി, നരഹത്യാശ്രമം,കവർച്ച, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വർഷത്തേക്കാണ് നാടുകടത്തിയിട്ടുള്ളത്. 2020ൽ അങ്കമാലി, നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിൽ മാത്രം ഇയാൾക്കെതിരെ അഞ്ച് കേസുകളുണ്ട്. 2020 ജൂണിൽ നെടുമ്പാശേരിയിൽ ചീട്ടുകളി സംഘത്തെ ആക്രമിച്ച് സ്വർണാഭരണങ്ങടക്കം 3.5 ലക്ഷത്തോളം രൂപ കവർച്ച ചെയ്ത കേസിൽ മൂന്നാം പ്രതിയാണ്. ഇലക്ഷനോടനുബന്ധിച്ച് റൂറൽ ജില്ലയിൽ ഗുണ്ടകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികൾ ശക്തമായി തുടരുമെന്നും ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.