
കൊച്ചി: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലായി താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടി തടയാൻ ഏതെങ്കിലും ചട്ടം നിലവിലുണ്ടോയെന്ന് വാക്കാൽ ചോദിച്ച ഹൈക്കോടതി, ഇതിൽ ഹർജിക്കാരോടും വിശദീകരണം തേടി.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പൊതുതാത്പര്യ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി. ഹർജി പത്ത് ദിവസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.
കെൽട്രോൺ, കില, ഫോറസ്റ്റ് ഇൻഡസ്ട്രീഡ് ട്രാവൻകൂർ ലിമിറ്റഡ്, തദ്ദേശ ഭരണ വകുപ്പ് തുടങ്ങിയവയിലായി താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയാണ് ഹർജിക്കാർ ചോദ്യംചെയ്യുന്നത്. ഇടതു സർക്കാരിന്റെ ഭരണകാലാവധി കഴിയാനിരിക്കെ തിരക്കിട്ട് പാർട്ടി അനുഭാവികളെ സ്ഥിരപ്പെടുത്തുകയാണെന്നും പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അവസരം നിഷേധിച്ചാണ് ഇവരെ സ്ഥിരപ്പെടുത്തുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായി വിവിധ വകുപ്പുകൾ പുറത്തിറക്കിയ സ്ഥിരപ്പെടുത്തൽ ഉത്തരവുകൾ നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ പറയുന്നു. സ്ഥിരനിയമനത്തിനുള്ള നടപടിക്രമങ്ങൾ പാലിക്കാതെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഉമാദേവി കേസിൽ സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഹർജിക്കാർ വാദിച്ചു.
ഒരു കൂട്ടം ചെറുപ്പക്കാർ തെറ്റിദ്ധരിച്ച് നിൽക്കുന്നു : മുഖ്യമന്ത്രി
തിരുവനന്തപുരം: താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ ശരിയായ രീതിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും എന്നാൽ ഒരു കൂട്ടം ചെറുപ്പക്കാർ തെറ്റിദ്ധരിച്ച് പ്രത്യേക അവസ്ഥയിൽ നിൽക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ സുതാര്യമായാണ് നടപടികളെടുക്കുന്നത്. സ്ഥിരപ്പെടുത്താൻ നിശ്ചയിക്കപ്പെട്ടവരെ അർഹതയുള്ളവരായി തന്നെയാണ് എൽ.ഡി.എഫ് കാണുന്നത്. എൽ.ഡി.എഫ് സർക്കാർ വീണ്ടും വന്നാൽ നിശ്ചയമായും അവരെ കൈയൊഴിയാത്ത സമീപനമാകും കൈക്കൊള്ളുക. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് പി.എസ്.സി ലിസ്റ്റ് ഇല്ലാത്തിടത്താണ്. പി.എസ്.സി ലിസ്റ്റിലുള്ള ആരെയും അവിടങ്ങളിൽ സ്ഥിരപ്പെടുത്താനുമാകില്ല. എല്ലാ സ്ഥാപനത്തിലും പി.എസ്.സി ലിസ്റ്റില്ലല്ലോ. ഓരോ സ്ഥാപനത്തിന്റെയും നടത്തിപ്പിന് ഓരോ ഘട്ടത്തിലും ആളുകളെയെടുക്കുന്നുണ്ട്. ചിലർ കൃത്യതയോടെ പരീക്ഷയും മറ്റും നടത്തിത്തന്നെ എടുക്കുന്നവരാണ്. എന്നാൽ അംഗീകൃത ജോലിയായി വന്നിട്ടില്ല. ഇത്തരം ആളുകളിൽ ചിലർ ഇരുപത് വർഷം വരെ ആയവരുണ്ട്. ഇവരെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണനയില്ലാതെ തന്നെ, ഇത്രയും കാലം അവിടെ ജോലി ചെയ്തുവെന്നത് വലിയ കാര്യമാണ്. അവരോട് നിങ്ങൾ പിരിഞ്ഞ് പോയ്ക്കോ എന്ന് പറയുന്നതിലെ മാനുഷികപ്രശ്നമില്ലേ? അതാണ് പത്ത് വർഷമായവരെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനിടയാക്കിയത്.നേരത്തേ യു.ഡി.എഫ് സർക്കാർ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമനം നടത്തിയ പ്രശ്നങ്ങളുണ്ട്. ഹൈക്കോടതി ചോദിച്ചതിന് സർക്കാർ കൃത്യമായി മറുപടി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഇനിയൊന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരക്കാർ നേരിട്ട് വന്നാൽ സർക്കാർ ചർച്ചയ്ക്ക് തയ്യാർ:മന്ത്രി ജയരാജൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. അത്തരമൊരു ചർച്ചയ്ക്ക് സമരക്കാർ മുന്നോട്ടു വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗാർത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിക്കുകയാണ്.സമരം അവസാനിപ്പിക്കാതെ തുടരാൻ ചിലരാണ് അവർക്ക് പ്രേരണ നൽകുന്നത്. ചില കലാകാരന്മാരുടെ തലയിൽ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണെന്ന് സിനിമാ താരങ്ങൾ കോൺഗ്രസിലേക്ക് പോകുന്നതിനെ പരാമർശിച്ച് ജയരാജൻ പറഞ്ഞു. സി.പി.എമ്മിന് സലീംകുമാർ അടക്കം കലാകാരന്മാരോട് എപ്പോഴും ബഹുമാനമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.