 
ആലുവ: ആലുവയിൽ ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി മാലയും താലിയും കബളിപ്പിച്ചെടുത്ത കേസിൽ രണ്ട് പ്രതികൾ പിടിയിൽ.സ്വകാര്യ ബസ് സ്റ്റാൻഡ്, ബാങ്ക് കവല റോഡിൽ ലിമ ജ്വല്ലറിയിൽ കഴിഞ്ഞ 13ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സി.സി ടി.വി കാമറയിൽ ദൃശ്യങ്ങളുണ്ടായിരുന്നെങ്കിലും കാര്യമായ വ്യക്തതയുണ്ടായിരുന്നില്ല. ജ്വല്ലറിയിലെത്തിയ പ്രതി മാസ്‌ക് ധരിച്ചിരുന്നതും പുറത്തുപാർക്ക് ചെയ്തിരുന്ന വാഹന നമ്പർ വ്യാജമായതും അന്വേഷണത്തിന് തടസമായി. ചാവക്കാട് വെങ്കിടങ്ങ് പുഴങ്ങര കുന്നംപള്ളിയിൽ മുഹമ്മദ് റാഫി (28), തൃശൂർ മരോട്ടിച്ചാൽ വള്ളൂർ തെക്കയിൽ ഷിജോ (26) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജ്വല്ലറിയിൽ പ്രവേശിച്ച മുഹമ്മദ് റാഫി ഒരു പവന്റെ സ്വർണ്ണമാലയും, താലിയും ആവശ്യപ്പെടുകയായിരുന്നു. ആഭരണം നോക്കാനെന്ന രീതിയിൽ കയ്യിലെടുത്ത ശേഷം ഓടി പുറത്തേക്കിറങ്ങി സ്റ്റാർട്ട് ചെയ്ത് നിർത്തിയ കാറിൽ രക്ഷപ്പെട്ടു. ഷിജോയാണ് വാഹനം ഓടിച്ചത്. തുടർന്ന് ആഭരണം പ്രതിയുടെ ഭാര്യയുടെ കൈവശം കൊടുത്ത് വിട്ട് മാള പുത്തൻചിറയിലെ ഒരു സ്ഥാപനത്തിൽ പണയം വച്ചു. ഇത് പൊലീസ് കണ്ടെടുത്തു.
മുഹമ്മദ് റാഫി നിരവധി കേസുകളിലെ പ്രതിയാണ്. 27 കിലോഗ്രാം കഞ്ചാവുമായി ഷിജോയെ നേരത്തെ തൃശൂരിൽ പിടികൂടിയിരുന്നു. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. മോഷണക്കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവർ ഒരുമിച്ച് നടത്തുന്ന ആദ്യ കവർച്ചയാണിത്.
ഡിവൈ.എസ്.പി ടി.എസ്. സിനോജ്, എസ്.എച്ച്.ഒ പി.എസ്. രാജേഷ്, എസ് ഐ ആർ. വിനോദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.