കൊച്ചി : പച്ചാളത്തെ ടാറ്റ ഒായിൽ കമ്പനിക്ക് മുമ്പു വിട്ടുകൊടുത്ത സ്ഥലം തിരിച്ചെടുക്കുന്നതിനുള്ള താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിനെതിരായ ഹർജിയിൽ നിലവിലെ സ്ഥിതി തുടരാൻ ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകി. ടാറ്റ ഒായിൽ മില്ലിനായി വിട്ടു കൊടുത്ത 47 ഏക്കർ ഭൂമി ഇപ്പോൾ ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയുടെ കൈവശമാണ്. ഇതു തിരിച്ചു പിടിക്കാനുള്ള ഉത്തരവിനെതിരെ കമ്പനി നൽകിയ ഹർജിയിലാണ് ഫെബ്രുവരി 22 വരെ നിലവിലെ സ്ഥിതി തുടരാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. ഭൂമി റവന്യു അധികൃതർ ഏറ്റെടുത്ത് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇടക്കാല ഉത്തരവിനെത്തുടർന്ന് തൽസ്ഥിതി തുടരും. കഴിഞ്ഞ സെപ്തംബറിലാണ് മിച്ചഭൂമിയെന്ന് കണ്ടെത്തി ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ പക്കൽ നിന്ന് ഭൂമി പിടിച്ചെടുക്കാൻ ലാൻഡ് ബോർഡിന്റെ ഉത്തരവുണ്ടായത്. ഒായിൽ കമ്പനിക്കു വേണ്ടി അനുവദിച്ച സ്ഥലത്തു ഫ്ളാറ്റ് നിർമ്മിച്ചു വിൽക്കുന്ന നടപടികൾ തുടങ്ങിയെന്നു വിലയിരുത്തിയായിരുന്നു നടപടി. തുടർന്ന് ഫെബ്രുവരി 12 നാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഫെബ്രുവരി 11 നു തന്നെ സർക്കാർ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ അറിയിച്ചു.