കൊച്ചി: കണ്ടെയ്‌നർ ടെർമിനൽ റോഡിൽ പൊന്നാരിമംഗലം ടോൾ ബൂത്തിൽ പ്രദേശവാസികൾക്ക് അനുവദിച്ചിരുന്ന ടോൾ ഇളവ് നിർത്തലാക്കിയാൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹൈബി ഈഡൻ എം.പി മുന്നറിയിപ്പ് നൽകി. മുളവുകാട്, ചേരാനല്ലൂർ, കടമക്കുടി പ്രദേശവാസികളെയാണ് ടോളിൽനിന്ന് ഒഴിവാക്കിയിരുന്നത്.ഏലൂർ നഗരസഭയെ ടോളിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് നിലവിലുള്ള സംവിധാനം അട്ടിമറിക്കപ്പെടുന്നത്.
ഇതിനെതിരെ സമരംചെയ്ത പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അടക്കം 22 പേരെ പൊലീസ് അറസ്റ്റുചെയ്തു. കണ്ടെയ്നർ റോഡിനുവേണ്ടി സ്വന്തം കിടപ്പാടംവരെ നഷ്ടപ്പെടുത്തിയവരാണ് പ്രദേശവാസികൾ. ഇത് സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടറുമായും കരാറുകാരനായും നിരവധിതവണ സംസാരിച്ചിരുന്നു. വിഷയം ചർച്ചചെയ്യുന്നതിന് കളക്ടർ 22ന് യോഗം വിളിച്ചിട്ടുണ്ട്.
ടോൾ ഇളവ് തുടരുക എന്നതിനപ്പുറം യാതൊരു സമവായത്തിനും പ്രസക്തിയില്ല. തെരുവുവിളക്കുകൾ പോലും കൃത്യമായി സ്ഥാപിക്കാതെ ഒരു ഹൈവേയ്ക്ക് ടോൾ പിരിക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.