അങ്കമാലി: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 29 ലക്ഷം രൂപ വിനിയോഗിച്ച് അങ്കമാലി താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച റിസപ്ഷൻ റൂമിന്റെയും, റാമ്പിന്റെയും ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. മദർ ആൻഡ് ചൈൽഡ് കിടത്തി ചികിത്സാ വാർഡ്, ലേബർ റൂം, ഓപ്പറേഷൻ തീയേറ്റർ തുടങ്ങിയ വിഭാഗങ്ങളിലേക്ക് രോഗികൾക്ക് സുഗമമായി എത്തിച്ചേരുന്നതിനാണ് റാമ്പ് നിർമ്മിച്ചിരിക്കുന്നത്.റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു, വൈസ് ചെയർമാൻ റീത്താ പോൾ, മെഡിക്കൽ സൂപ്രണ്ട് നസീമ നജീബ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മാത്യു തോമസ്, സാജു നെടുങ്ങാടൻ, ബാസ്റ്റ്യൻ ഡി. പാറയ്ക്കൽ, ലിസി പോളി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ ഇന്ദു പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.