കോതമംഗലം: സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് കോതമംഗലം എം.എം കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് നടക്കും.രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് അദാലത്ത്.മന്ത്രിമാരായ ഇ.പി.ജയരാജൻ, ജി സുധാകരൻ, വി.എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുന്നത്. അദാലത്തിൽ നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാത്തവയും പുതിയ പരാതികളും സ്വീകരിക്കും. അദാലത്ത് വേദിയിൽ ലഭിക്കുന്ന പുതിയ പരാതികൾ ജില്ലാ തലത്തിൽ തീർപ്പാക്കാൻ പറ്റുന്നവയാണെങ്കിൽ ഉടൻ തീർപ്പാക്കും.സർക്കാർ തീരുമാനം എടുക്കേണ്ട പരാതികൾ തരം തിരിച്ച് സർക്കാരിലേക്ക് അയച്ചു കൊടുക്കും. ദുരിതാശ്വാസ ധനസഹായത്തിനുള്ള അപേക്ഷയോടൊപ്പം ആറ് മാസത്തിനുള്ളിൽ ലഭിച്ച ഡോക്ടറുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികൂടി സമർപ്പിക്കണമെന്ന് ആന്റണി ജോൺ എം.എൽ.എ അറിയിച്ചു.