
കൊച്ചി: കലിപ്പടക്കാനും കപ്പടിക്കാനും ബ്ലാസ്റ്റേഴ്സ് ഒപ്പം കൂട്ടിയ ഒമ്പതാം പരിശീലകനേയും ക്ലബ് കൈവിട്ടു. സീസണിലെ ടീമിന്റെ മോശം പ്രകടനമാണ് സ്പാനിഷ് താരം കിബു വികുനയുടെ സീറ്റ് തെറിപ്പിച്ചത്. ഹൈദരാബാദ് എഫ്.സിക്ക് എതിരായ അവസാനമത്സരവും ദയനീയമായി തോറ്റതോടെയാണ് ക്ലബ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. മുൻ ബ്ലാസ്റ്റേഴ്സ് താരവും സഹ പരിശിലകനുമായ ഇഷ്ഫാഖ് അഹമ്മദിനെ മുഖ്യ പരിശീലകനായി നിയമിച്ചു. പ്ലേ ഓഫ് സാദ്ധ്യത അസ്തമിച്ചെങ്കിലും സീസണിൽ രണ്ട് മത്സരം ശേഷിക്കെയാണ് കിബുവിനെ ക്ലബ് പുറത്താക്കിയത്.
എൽക്കോ ഷാട്ടോറിക്ക് പകരക്കാരനായി കഴിഞ്ഞ മാർച്ചിലാണ് കിബു ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മോഹൻ ബഗാനെ ഐലീഗ് ജേതാക്കളാക്കിയ കിബുവിന് പക്ഷേ ബ്ലാസ്റ്റേഴ്സിൽ കാലിടറി. പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ടീമിപ്പോൾ. ഇതുവരെയുള്ള പതിനെട്ടു കളികളിൽ നിന്നും കേവലം പതിനാറു പോയിന്റാണ് ടീമിന്റെ സമ്പാദ്യം. ആകെ ജയിച്ചത് മൂന്ന് മത്സരങ്ങളിലും. 33 ഗോളുകളാണ് ഈ സീസണിൽ ടീം ഏറ്റുവാങ്ങിയത്. സീസണിലെ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയതും ബ്ലാസ്റ്റേഴ്‌സ് തന്നെ.
 എല്ലാവർക്കും നന്ദി
അസാധാരണവും അപ്രതീക്ഷിതവുമായ സീസണായിരുന്നു ഇത്. ക്ലബിനായി പരമാവധി നൽകാനായി. ഒരു ഒഴിവുകഴിവും ഇക്കാര്യത്തിൽ ഉണ്ടായില്ല. മാനേജ്‌മെന്റിനും ടീം അംഗങ്ങൾക്കും പ്രത്യേകിച്ച് ആദ്യം മുതൽ അവസാന ദിവസംവരെ പിന്തുണ നൽകിയതിന് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും നന്ദി.
കിബു വികുന