ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ 22.26 കോടി രൂപ വരവും 19.08 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് അംഗീകാരം. റോഡുകൾക്കായി 2.15 കോടിയും പട്ടേരിപ്പുറം, മുട്ടം, കുന്നത്തേരി തുടങ്ങിയപ്രദേശങ്ങളിലെ കുടിവെള്ള പരിഹാരത്തിനായി 30 ലക്ഷം രൂപയും വകയിരുത്തി.
ദേശീയപാത കമ്പനിപ്പടിയിൽ കാൽനട യാത്രക്കാർക്കായി കെൽടോൺ മുഖേന പെഡസ്ട്രിയൻ ആക്ടിവേറ്റഡ് ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുവാൻ അഞ്ച് ലക്ഷം, മാലിന്യസംസ്കരണത്തിന് 28.90 ലക്ഷം, എൽ.ഇ.ഡി സ്ഥാപിക്കുവാൻ 5.50 ലക്ഷം, കാർഷികക്ഷീര മേഖല ഉൾപ്പെട്ട ഉത്പാദന മേഖലയ്ക്ക് 74.46 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 37 ലക്ഷം, ശ്മശാനം നവീകരണത്തിന് 20 ലക്ഷം, അങ്കണവാടിക്ക് ഭൂമി വാങ്ങുവാനും സ്മാർട്ട് അങ്കണവാടിക്കായും 30 ലക്ഷം, അശോക കായിക ഗ്രൗണ്ട് നിർമ്മാണത്തിന് 10 ലക്ഷം രൂപയും ഉൾപ്പെടുത്തി. ഭവനനിർമ്മാണത്തിന് 52ലക്ഷവും ഭവനപുനരുദ്ധരണത്തിന് 63ലക്ഷവും നീക്കിവച്ചു.16ാം വാർഡിലെ പുറമ്പോക്ക് ഭൂമിയിൽ ഭൂരഹിതർക്ക് കെട്ടിടസമുച്ചയം നിർമ്മിക്കും.
വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.