 
കൊച്ചി: ഹീൽ പദ്ധതിയിലൂടെ മാലിന്യമുക്ത ഹരിതനഗരമായി കൊച്ചിയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം. ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കാനുള്ള കോർപ്പറേഷന്റെ സ്വപ്നപദ്ധതിക്ക് ഇടപ്പള്ളി സോണൽ ഓഫീസിൽ തുടക്കം കുറിച്ചു. ആരോഗ്യവും പരിസ്ഥിതിയും കൃഷിയും ഉപജീവനവും കൈകോർക്കുന്ന ഹീൽ പദ്ധതിയുടെ ഭാഗമായുള്ള ജൈവപച്ചക്കറി കൃഷി സോണൽ ഓഫീസ് വളപ്പിൽ മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, വികസനകാര്യ ചെയർമാൻ പി.ആർ. റെനീഷ്, മരാമത്ത്കാര്യ ചെയർപേഴ്‌സൺ സുനിത ഡിക്‌സൺ, കൗൺസിലർമാരായ വി.കെ. മിനിമോൾ, ദീപ വർമ്മ, മിനിമോൾ, ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
ഓരോവാർഡിലും ഉത്പാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിച്ച് ജൈവവളമാക്കി അതാത് പ്രദേശത്ത് ഉപയോഗശൂന്യമായി കിടക്കുന്ന പറമ്പുകളിൽ ജൈവകൃഷി നടത്തി ഉപജീവനം ഉറപ്പുവരുത്തുക എന്നതാണ് ഹീൽ പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് ജൈവകൃഷിക്ക് തുടക്കമിട്ടത്.