
കൊച്ചി: ജോലി ഭാരവും കൂലി കുറവും കാരണം കൊച്ചി മെട്രോയിലെ വനിതാ ജീവനക്കാർ ദുരിതത്തിൽ. ലോക്ക് ഡൗണിന് ശേഷം സർവീസുകൾ പൂർവ സ്ഥിതിയിലായിട്ടും ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവു വരുത്താനോ ജോലി ദിനങ്ങൾ കൂട്ടി നൽകാനോ മെട്രോ അധികൃതർ തയ്യാറായിട്ടില്ല. കുടുംബശ്രീ പ്രവർത്തകരായ 700 ഓളം പേരാണ് നിലവിൽ കൊച്ചി മെട്രോയുടെ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നത്. 350 മുതൽ 450 വരെയാണ് ഇവർക്കുള്ള കൂലി.
ലോക്ക്ഡൗൺ കാലയളവിൽ മാസങ്ങളോളം ജോലി ഉണ്ടായിരുന്നില്ല. അതിനു ശേഷം മെട്രോയിലെ തൊഴിലാളികളുടെ എണ്ണത്തിൽ വൻ കുറവ് വരുത്തിയിരിക്കുകയാണ്. കുറച്ചു തൊഴിലാളികളെ വച്ച് വിശ്രമിക്കാൻ പോലും അനുവദിക്കാതെ കൂടുതൽ പണിയെടുപ്പിക്കുന്ന രീതിയാണ് മെട്രോ അധികാരികൾ തുടരുന്നത്. കൊവിഡിന് മുമ്പ് വരെ 24 ദിവസം വരെയുണ്ടായിരുന്ന തൊഴിൽ ദിനങ്ങൾ നിലവിൽ 16 ആയി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 24 ദിവസം ഡ്യൂട്ടി ചെയ്താലെ 4 ഓഫ് കിട്ടുകയുള്ളൂ. എന്നാൽ ഓഫിന്റെ തുക കൊടുക്കാതിരിക്കാൻ ഡ്യൂട്ടി ദിവസം വെട്ടിക്കുറക്കുകയാണ്. ബസ് ഗതാഗതം പൂർണ്ണമായ തോതിൽ ആരംഭിക്കാതിരിക്കുന്നതുകൊണ്ട് ഡ്യൂട്ടിക്കു വരുന്നതിന് കൂടുതൽ പണം ചെലവാക്കേണ്ടി വരുന്നു. ഏകദേശം പകുതി ദിവസം മാത്രമാണ് ഇപ്പോൾ ജോലി ലഭിക്കുന്നത്.
മെട്രോ തൊഴിലാളികൾക്ക് 5 ശതമാനമാണ് പ്രതിവർഷ വാർഷിക വേതന വർദ്ധനവ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പി.എഫ്, ഇ.എസ്.ഐ. എന്നിവ പിടിച്ച ശേഷം നാമമാത്രമായ തുകയാണ് കൈയിൽ കിട്ടുന്നത്. 20 ശതമാനം വേതന വർദ്ധനവ് പ്രതിവർഷം ഉണ്ടാവണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കുടുംബശ്രീ, മെട്രോ അധികൃതർ എന്നിവരുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. വേതനം സംബന്ധിച്ച് കുടുംബശ്രീയ്ക്കാണ് ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി മെട്രോ അധികൃതർ ഒഴിഞ്ഞു മാറുകയായിരുന്നു.
പ്രശ്‌നങ്ങൾ പരിഹരിക്കണം:
ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് ജോലി ഭാരം കുറയ്ക്കണം. ഒപ്പം ജീവനക്കാരുടെ ദൈനംദിന ജീവിതത്തിനു പോലും നിലവിൽ നൽകുന്ന തുക തികയാത്ത സ്ഥിതിയാണ്. അതിനാൽ അടിയന്തിരമായി മെട്രോ-കുടുംബശ്രീ അധികൃതർ നടപടി സ്വീകരിക്കണം.
കെ.വി.മനോജ്
ജനറൽ സെക്രട്ടറി
കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ
 ഇപ്പോൾ ഉള്ള കുടുംബശ്രീഅംഗങ്ങൾ:700
 ഇപ്പോഴുള്ള തൊഴിൽദിനങ്ങൾ: 16
 മുമ്പ് ഉണ്ടായിരുന്ന തൊഴിൽദിനങ്ങൾ: 24
 വേതനം: 350-450രൂപ