
കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ മരട് 357 സിനിമ ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരല്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സിനിമയുടെ റീലിസ് തടഞ്ഞ മുൻസിഫ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് സംവിധായകൻ കണ്ണൻ താമരകുളം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ചിൽ നിശ്ചയിച്ച റീലിസ് വെെകുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് നിർമാതാവ് അബ്രഹാം മാത്യു പറഞ്ഞു. നടൻ ധർമ്മജൻ ബോൾഗാട്ടി, തിരക്കഥാകൃത്ത് ദിനേശ് പള്ളത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇതിനിടെ മരടിൽ തീരസംരക്ഷണ നിയമം ലംഘിച്ചു നിർമ്മിച്ച ഫ്ളാറ്റുകളുടെ കഥ പറയുന്ന മരട് 357 എന്ന സിനിമ പ്രദർശിപ്പിക്കുന്നത് എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. ഫ്ളാറ്റ് നിർമ്മാതാക്കളായ സാനി ഫ്രാൻസിസ്, സന്ദീപ് മേത്ത, കെ.വി. ജോസ് എന്നിവർ വിജിലൻസ് കോടതിയുടെ പരിഗണനയിലുള്ള മരട് ഫ്ളാറ്റ് കേസിന്റെ വിചാരണയെ സിനിമാപ്രദർശനം ബാധിക്കുമെന്നാരോപിച്ച് നൽകിയ പരാതിയിലായിരുന്നു കോടതിയുടെ നടപടി. വിചാരണ പൂർത്തിയാകുന്നതുവരെ സിനിമ പൂർണമായോ ഭാഗികമായോ പേരുമാറ്റിയോ പ്രദർശിപ്പിക്കരുത്. തിയേറ്റർ റിലീസോ ഒ.ടി.ടി റിലീസോ മറ്റേതെങ്കിലും തരത്തിലുള്ള പ്രദർശനമോ പാടില്ലെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ അബാം മൂവീസ്, സംവിധായകൻ കണ്ണൻ താമരക്കുളം തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഫ്ളാറ്റ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്.