
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായതിനെത്തുടർന്ന് വിചാരണക്കോടതി ഫെബ്രുവരി 23ന് വിധിപറയാൻ മാറ്റി.കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ചെന്നാരോപിച്ചാണ് ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹർജി നൽകിയത്. കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയുടെ ഒാഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല കാസർകോട് വിപിൻലാൽ താമസിക്കുന്ന സ്ഥലത്തെത്തി മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പ്രദീപ് സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ദിലീപിനു വേണ്ടിയാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.