കൊച്ചി: എറണാകുളം കാക്കനാട് കന്യാസ്ത്രീയെ മഠത്തിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അപകടസാദ്ധ്യതയും അന്വേഷിക്കുന്നു. സിസ്റ്റർ ജെസീനയുടെ (45) മൃതദേഹത്തിൽ ചെറിയ പോറലുകളും സമാനമായി മുഖത്ത് മുറിവുകളും ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം കൂടി വിശദമായി അന്വേഷിക്കുന്നത്. കാലിടറി വീണതിന് സമാനമായ പരിക്കാണ് ദേഹത്തുള്ളത്.
അന്തിമ പോസ്റ്റ്മോട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കും. ഇതോടൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കേസിൽ മഠത്തിലെ ശേഷിക്കുന്ന ജീവനക്കാരുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തി. 15 പേരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശേരി സി.ഐയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.
പാറമട നിറയെ ആഫ്രിക്കൻ പായലാണ്. ഇതിന് താഴെ മാലിന്യവും ചെളിയും. മൃതദേഹം താഴ്ന്ന് പോകാതിരിക്കാൻ ഇതാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. സിസ്റ്റർ ജെസീനയുടെ വസ്ത്രം പായലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവർക്ക് നീന്തൽ വശമില്ലായിരുന്നു.
സിസ്റ്റർ ജെസീനയുടെ മുറിയിൽ നിന്ന് വലിയ സഞ്ചി നിറയെ മരുന്നുകളുടെ കവർ പൊലീസിന് ലഭിച്ചിരുന്നു. ഇത് മാനസിക പ്രശ്നങ്ങൾക്ക് സിസ്റ്റർ കഴിച്ചിരുന്ന മരുന്നുകളുടെ കവറുകളാണെന്നും ജെസീന ചികിത്സ തേടിയിരുന്ന ആശുപത്രിയിൽ എത്തി ഇക്കാര്യം സ്ഥിരീകരിച്ചതായും അന്വേഷണസംഘം പറഞ്ഞു. മുറിയിൽനിന്ന് ലഭിച്ച സിസ്റ്ററുടെ ഡയറി പരിശോധിച്ചുവരികയാണ്.