iffk

കൊച്ചി : രാജ്യാന്തര ചലച്ചിത്രോത്സവം 21 വർഷങ്ങൾക്കു ശേഷം കൊച്ചിയിലേക്ക് എത്തുമ്പോൾ യുവജനത ആവേശത്തോടെയാണ് വരവേൽക്കുന്നത്. ഇന്നലെ മേളയിലെ ചിത്രങ്ങൾ ആസ്വദിക്കാൻ യുവാക്കളാണ് ഏറെയുമുണ്ടായിരുന്നത്. സരിത, സവിത, സംഗീത തീയറ്റർ സമുച്ചയങ്ങളുടെ മുൻവശം അക്ഷരാർത്ഥത്തിൽ ഉത്സവ പ്രതീതിയിലായി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് തിരുവനന്തപുരത്തു നിന്ന് മേള വിവിധ എഡിഷനുകളായി കൊച്ചിയിലും പാലക്കാടും തലശേരിയിലുമൊക്കെ എത്തുന്നത്. പത്മ തീയറ്ററിലും ഇന്നലെ നല്ല തിരക്കായിരുന്നു.

 ഇന്നു ചുരുളിയെത്തുന്നു

ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയെന്ന സിനിമ ഇന്നു മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. നേരത്തെ തിരുവനന്തപുരത്ത് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം ലിജോയുടെ സ്വന്തം തട്ടകമായ കൊച്ചിയിൽ ഇന്നു പ്രദർശിപ്പിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. വിപിൻ ആറ്റ്ലിയുടെ മ്യൂസിക്കൽ ചെയറാണ് ഇന്നത്തെ മറ്റൊരു മലയാള ചിത്രം. 24 സിനിമകളാണ് ഇന്നു പ്രദർശിപ്പിക്കുന്നത്.

 ഫോട്ടോ പ്രദർശനം തുടങ്ങി

മേളയുടെ ചരിത്രം പറയുന്ന ഐ.എഫ്.എഫ്. കെ ജൂബിലി ഫോട്ടോ പ്രദർശനം സരിത തീയറ്റർ സമുച്ചയത്തിൽ ഇന്നലെ ആരംഭിച്ചു.1994 ൽ കോഴിക്കോട്ടു തുടങ്ങിയ മേളയുടെ 2019 വരെയുള്ള 300 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം സംവിധായകൻ ജയരാജ് നിർവഹിച്ചു.